തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ ആലോചിക്കണം. എന്നിട്ടും നിങ്ങള്‍ എന്താണ് ചെയ്തത്? സര്‍ക്കാരിന്റെയും വനം വകുപ്പ് മന്ത്രിയുടെയും നിഷ്‌ക്രിയത്വത്തെയും നിസംഗതയെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വയനാട്ടില്‍ ജനക്കൂട്ടം അക്രമാസക്തരായെന്നാണ് മന്ത്രി പറഞ്ഞത്. സങ്കടങ്ങളും ദുഖങ്ങളുമായി ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടുന്ന വനാതിര്‍ത്തിയിലെ കര്‍ഷകര്‍ വൈകാരികമായി പ്രതികരിക്കും. വന്യ ജീവികളെ ഭയന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇത് വയനാട്ടില്‍ മാത്രമല്ല വനാതിര്‍ത്തിയിലെ ജനങ്ങളാകെ ഭീതിയിലാണ്. എന്തൊരു ഭീതിയിലും സങ്കടത്തിലുമാണ് ആളുകള്‍ ജീവിക്കുന്നത്. പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ട് വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല.
നഷ്ടപരിഹാരം പോലും നല്‍കുന്നില്ല. വന്യജീവി ആക്രമണങ്ങളില്‍ മരണമടഞ്ഞവരും പരിക്കേറ്റവരും കൃഷിക്കാര്‍ക്കും ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. വന്യജീവി ആക്രമണം നേരിടാന്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമായി എന്ത് സംവിധാനമാണ് സര്‍ക്കാരും വനംവകുപ്പും സ്വീകരിച്ചിരിക്കുന്നത്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നേരിടുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 48.85 കോടി രൂപ മാത്രമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് പദ്ധതികളാണുള്ളത്? വന്യജീവികളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഒരു പദ്ധതികളും നടപടിക്രമങ്ങളുമില്ല. എന്നിട്ടാണ് കര്‍ണാടകത്തില്‍ നിന്നും സിഗ്‌നല്‍ കിട്ടിയില്ലെന്ന് പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
ജനുവരി 30നാണ് ആന ഇറങ്ങിയതെന്ന് മന്ത്രി പറഞ്ഞത് തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയില്‍ വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. അന്നു തന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ് വേഡും കാര്‍ണാടകയില്‍ നിന്നും വാങ്ങി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആന ബന്ദിപ്പൂരിലേക്ക് പോയി. ഫെബ്രുവരി രണ്ടിന് ആന വീണ്ടും വയനാട്ടിലെത്തി. കര്‍ണാടകത്തിന് സിഗ്‌നല്‍ കിട്ടുന്നതു പോലെ തന്നെ കേരളത്തിനും സിഗ്‌നല്‍ കിട്ടും. സാറ്റലൈറ്റില്‍ നിന്നും കിട്ടുന്ന സിഗ്‌നല്‍ ഡീ കോഡ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും.
ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല. മാനന്തവാടിയില്‍ ഒരു വര്‍ഷം മുന്‍പ് തോമസ് എന്നയാളെ കടുവ കൊലപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഉളിക്കല്‍ പഞ്ചായത്തില്‍ ഡിസംബര്‍ രണ്ടിന് നാട്ടുകാര്‍ കണ്ട കടുവ 40 ദിവസത്തിന് ശേഷമാണ് മാനന്തവാടിയില്‍ എത്തി തോമസിനെ കൊലപ്പെടുത്തിയത്. കടുവ എത്തിയെന്ന് അറിഞ്ഞാലും അതിനെ ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാവും വനംവകുപ്പിനില്ല. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവികളുടെ ദയാവായ്പിലാണ് വനമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും.
വനാതിര്‍ത്തികളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടിണിയെ തുടര്‍ന്നാണ് പലരും ആത്മഹത്യ ചെയ്യുന്നത്. കൃഷിനാശത്തെ തുടര്‍ന്ന് കാസര്‍കോട്ടെ കര്‍ഷകന്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നാണ് പറഞ്ഞത്. ചങ്കുപൊട്ടിക്കൊണ്ടാണ് ആ കര്‍ഷകന്‍ ഇക്കാര്യം എന്നോട് പറഞ്ഞത്. ആ വിതുമ്പലും നിലവിളിയും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സഹായധനം നല്‍കണമെന്നത് നിയമമാണ്. അല്ലാതെ ഔദാര്യമല്ല. അത് കൊടുക്കാതിരുന്നാല്‍ അവര്‍ എന്ത് ചെയ്യും. മരണഭയത്തിന് ഇടയില്‍ നില്‍ക്കുന്നവര്‍ വൈകാരികമായി പെരുമാറും. അല്ലാതെ ആരും ഇളക്കി വിടുന്നതല്ല. മാവോയിസ്റ്റുകളാണ് തീവ്രവാദികളാണ് എന്നൊക്കെ പറഞ്ഞ് അവരുടെ മെക്കിട്ട് കയറാന്‍ പോകേണ്ട. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളാണ് അവരെ വെറുതെ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി ഇന്നലെ കണ്ണൂരില്‍ സംഘടിപ്പിച്ച ജനകീയ ചര്‍ച്ച സദസില്‍ രണ്ട് വിധവകളെ കണ്ടു. കണ്ണീരോടെയാണ് രണ്ടു പേരും സങ്കടം പങ്കുവച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഭാര്യക്കൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോയ പേരാവൂര്‍ പെരിങ്കരിയിലെ ജസ്റ്റിനെ ആന കൊലപ്പെടുത്തി. ജസ്റ്റിന്റെ ഭാര്യ അല്‍ഫോണ്‍സയാണ് സങ്കടങ്ങള്‍ പങ്കുവച്ചത്. ആലക്കോട് പാത്തന്‍പാറയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോസിന്റെ ഭാര്യ ലിസിയെയാണ് രണ്ടാമതായി കണ്ടത്. ജോസ് കൃഷി ചെയ്ത 5,000 വാഴയും പന്നിക്കൂട്ടം നശിപ്പിച്ചു. എന്നിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല. കടബാധ്യത താങ്ങാനാകാതെയാണ് ജോസ് ആത്മഹത്യ ചെയ്തത്. വനാതിര്‍ത്തികളിലുള്ള സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളാണ് ഇവര്‍ രണ്ടു പേരും പങ്കുവച്ചത്.