X

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല; മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ്, ചെലവ് 82 ലക്ഷം

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവില്ലെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് വിമര്‍ശനം ഉയരുന്നത്.

‘ചീഫ് മിനിസ്‌റ്റേഴ്‌സ് കപ്പ് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റ്’ എന്ന് പേരിട്ട മത്സരം സംഘടിപ്പിക്കാന്‍ 82 ലക്ഷം രൂപയിലധികമാണ് ചെലവ്. വരുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ടെന്നീസ് ടൂര്‍ണമെന്റിന് ചോദിച്ചയുടന്‍ 40 ലക്ഷം നല്‍കി. എന്നാല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍നിര്‍മാണ പദ്ധതികള്‍ക്കുള്ള തുകയനുവദിക്കാന്‍ മെല്ലെപ്പോക്കാണ് എന്നാണ് വിമര്‍ശനം.

വിഴിഞ്ഞം ഉള്‍പ്പടെയുള്ള വന്‍കിട വികസന പദ്ധതികള്‍ക്കായി 360 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 338.61 കോടി അനുവദിക്കണെമന്നാവശ്യപ്പെട്ട് സീപോര്‍ട്ട് എം.ഡി.യായിരുന്ന അദീല അബ്ദുള്ള ഐ.എ.എസ്. ഏപ്രില്‍ 28ന് കത്തയച്ചിരുന്നു. കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഹൈപവര്‍ കമ്മിറ്റി 16.25 കോടി രൂപ അനുവദിക്കാമെന്ന് ജൂണ്‍ 24ന് തീരുമാനമെടുത്തു.

പണം അനുവദിച്ചത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന്റെ 2 ദിവസം മുമ്പുമാത്രം. എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് 7 ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് കേരളീയമെന്ന പേരില്‍ നടത്തുന്നതെന്ന വിമര്‍ശനം ഉയരുന്നതിനിടെ പരിപാടിക്കായി ടെന്‍ഡര്‍ നടപടികള്‍ പോലും കാറ്റില്‍പറത്തി 27 കോടി രൂപ അനുവദിച്ചെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റ് നടത്തുന്നതിനും നിയമങ്ങളെല്ലാം മറികടന്ന് കേരളീയം പദ്ധതി നടത്തുന്നതിനും കോടികള്‍ ചെലവഴിക്കുമ്പോള്‍, സ്വപ്‌നപദ്ധതിയായ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ മാത്രം സര്‍ക്കാരിന് ഉത്സാഹമില്ലെന്ന വിമര്‍ശനമാണുയരുന്നത്. പ്രധാനമന്ത്രിയുടെ പേരിട്ട പദ്ധതികളെ വിമര്‍ശിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാറും സമാനമായ പാതയിലാണെന്നാണ് ആക്ഷേപം.

webdesk13: