X

സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്ടറിന് 50 ലക്ഷം രൂപ വാടക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വാടകക്ക് എടുത്ത ഹെലികോപ്ടറിന്റെ വാടക കുടിശ്ശിക നല്‍കാന്‍ 50 ലക്ഷം രൂപ അധികതുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 19 വരെയുള്ള വാടക നല്‍കാനാണ് തുക അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിനെ തുടര്‍ന്നാണ് ധനവകുപ്പ് തീരുമാനം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായാണ് ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്ന് ഹെലികോപ്ടര്‍ വാടകക്ക് എടുത്തിട്ടുള്ളത്. ഒരു മാസം വാടകയായി നല്‍കേണ്ടത് 80 ലക്ഷം രൂപയാണ്.

വാടക കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയായിരുന്നു. ഡിസംബര്‍ നാലിന് ഈ കത്ത് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കൈമാറി.

പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കത്ത് ധനവകുപ്പിന് കൈമാറി. തുടര്‍ന്നാണ് 50 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് ഉത്തരവിറക്കിയത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍നിന്ന് ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

ഇനി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 19 വരെയുള്ള വാടക കുടിശ്ശിക ഹെലികോപ്ടര്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇതിന് വേണ്ടിയും ചിപ്‌സണ്‍ കമ്പനി കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പൈലറ്റുള്‍പ്പടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്ടറാണ് സര്‍ക്കാര്‍ വാടകക്ക് എടുത്തിട്ടുള്ളത്.

webdesk13: