രാഷ്ട്രപതിഭവനിലെ പ്രധാന ഹാളുകളുടെ പേരു മാറ്റത്തെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദർബാറെന്ന സങ്കൽപമില്ലെങ്കിലും ഷഹൻഷാ (ചക്രവർത്തി) എന്ന സങ്കൽപമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, രാഹുൽ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഷെഹ്സാദ’ (രാജകുമാരൻ) പരാമർശത്തിന് ‘ഷഹൻഷാ’ (രാജാക്കന്മാരുടെ രാജാവ്) എന്ന് പ്രിയങ്ക മറുപടി നൽകിയിരുന്നു.
ദർബാർ ഹാളിനെ ‘ഗണതന്ത്ര മണ്ഡപ്’ ആയും അശോക് ഹാളിനെ ‘അശോക് മണ്ഡപ്’ ആയുമാണ് പുനർനാമകരണം ചെയ്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറക്കിയിരുന്നു.
ഇന്ത്യൻ സാംസ്കാരിക മൂല്യവും ധാർമികതയും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പേരിൽ മാറ്റം കൊണ്ടുവന്നതെന്ന് രാഷ്ട്രപതിഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ ഭരണകർത്താക്കളും ബ്രിട്ടീഷുകാരും ‘ദർബാർ’ എന്ന പദം കോടതി എന്ന അർഥത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഗണതന്ത്രത്തിന്റെ ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചതാണ്. അശോക് ഹാളിനെ അശോക് മണ്ഡപമെന്ന് പുനര്‍നാമകരണം ചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും രാഷ്ട്രപതിഭവൻ പ്രസ്താവനയിൽ പറയുന്നു.
മുഗൾ ഗാർഡൻസ് ആയിരുന്ന രാഷ്ട്രപതിഭവന്റെ ഉദ്യാനം കഴിഞ്ഞ വർഷം ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തിരുന്നു. രാഷ്ട്രപതിഭവനിൽനിന്ന് ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിനെ കർത്തവ്യപഥായും പേരു മാറ്റിയിരുന്നു.