സ്പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷിനെ ‘ചട്ടം’ പഠിപ്പിച്ച് സ്പീക്കർ എ.എൻ.ഷംസീർ.
ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും വർധിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് വാഗ്വാദം. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപ്പെട്ട് സംസാരിക്കുന്നതും അതിന് മന്ത്രി മറുപടി പറഞ്ഞതുമാണ് സ്പീക്കറെ ശാസനക്ക് ഇടയാക്കിയത്.
പരസ്പരം ഉള്ള ഷട്ടിൽ കളിയല്ല ഇതെന്നും നിയമസഭയിലെ ചർച്ചയാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. അനുവാദമില്ലാതെ ചോദ്യങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മന്ത്രിക്ക് ഉൾപ്പെടെ ആർക്കും മൈക്ക് നൽകില്ലെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രി രാജേഷ് ക്ഷമ ചോദിച്ചെങ്കിലും, ക്ഷമയുടെ കാര്യമല്ല, ഇനിമുതൽ അനുസരിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്കൂളുകളിൽ നടപ്പാകുന്നില്ലെന്ന് പ്രതിഭ ഹരി കുറ്റപ്പെടുത്തി. വേണ്ടത്ര പരിശോധന നടത്തിയാണോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.