കുഞ്ഞു പിറന്നിട്ടു പോലും വീട്ടിലേക്കു പോകാതെ ടീമിനൊപ്പം തുടര്‍ന്ന വരുണ്‍ ചക്രവര്‍ത്തിയുടെ സമര്‍പ്പണത്തിന് സല്യൂട്ട്. കൊല്‍ക്കത്തയ്ക്കു വേണ്ടി 4 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതാണ് ഇദ്ദേഹം കുഞ്ഞിന് വേണ്ടി സമര്‍പ്പിച്ചത്. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 21 റണ്‍സ് ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അഞ്ച് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബെംഗളുരുവിന്റെ മുന്‍നിര തളരുകയും ചെയ്തു. 179 റണ്‍സാണ് അവര്‍ നേടിയത്. വിരാത് കോലി 54 റണ്‍സെടുത്തു.
ഫാഫ് ഡുപ്ലസി (17), ഷഹബാസ് അഹമ്മദ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) എന്നിവര്‍ വേഗം പുറത്തായി. കൊല്‍ക്കത്ത ബാറ്റിംഗ് ലൈനപ്പില്‍ കിടിലന്‍ പ്രകടനം നടത്തിയത് ഓപ്പണറായി വന്ന ഇംഗ്ലീഷുകാരന്‍ ജാസോണ്‍ റോയിയാണ്. വൈശാഖിന്റെ പന്തില്‍ പുറത്താവുന്നതിന് മുമ്പ് 56 റണ്‍സാണ് റോയ് നേടിയത്. 29 പന്തില്‍ അഞ്ച് തവണ അദ്ദേഹം സിക്‌സര്‍ നേടി. നാല് തവണ പന്ത് അതിര്‍ത്തിയും കടത്തി. സഹ ഓപ്പണര്‍ നാരായണന്‍ ജഗദീശന്‍ 27 റണ്‍സ് നേടി നല്ല പിന്തുണ നല്‍കിയപ്പോള്‍ വെങ്കടേഷ് അയ്യരും മോശമാക്കിയില്ല. 25 പന്തില്‍ അയ്യര്‍ 31 റണ്‍സ് നേടി. അവസാനത്തില്‍ വന്ന നായകന്‍ നിതീഷ് റാണ 21 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ആന്ദ്രെ റസല്‍ നിരാശപ്പെടുത്തി. കേവലം രണ്ട് പന്ത് മാത്രം നേരിട്ട വിന്‍ഡീസുകാരന്‍ ഒരു റണ്ണാണ് നേടിയത്. കൂറ്റനടിക്കാരന്‍ റിങ്കുസിംഗ് പത്ത് പന്തില്‍ 18 ലെത്തി.