സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മര്‍ദ്ദം ചെലുത്തിയത് മകള്‍ ഇവാങ്ക ട്രംപെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ വിദേശകാര്യസെക്രട്ടറിയായ ബോറിസ് ജോണ്‍സണും നയതന്ത്രജ്ഞനായ കിം ഡാരോച്ചും തമ്മിലുള്ള നയതന്ത്ര വിശകലനത്തിലാണ് ആക്രമണത്തില്‍ ഇവാനിയയുടെ സ്വാധീനമുണ്ടെന്ന് നിരീക്ഷിച്ചത്. ‘ദി സണ്‍ഡേ ടൈംസ്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മകള്‍ ഇവാങ്കയുടെ ഭരണ തലത്തിലുള്ള സ്വാധീനമാണ് സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ട്രംപിനെ സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സിറിയയില്‍ വിമതര്‍ക്കുനേരെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചത്. ജനവാസകേന്ദ്രമായ ഇദ്ബിലില്‍ പുലര്‍ച്ചെ നടത്തിയ രാസായുധ ആക്രമണത്തില്‍ 30കുട്ടികളടക്കം 80പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അമേരിക്ക സിറിയയില്‍ വ്യോമതാവളത്തില്‍ മിസൈലാക്രമണം നടത്തിയത്. 59 തോമാഹാക് മിസൈലാണ് സിറിയയില്‍ അമേരിക്ക പ്രയോഗിച്ചത്. നടപടി ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ഈ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയത് മകള്‍ ഇവാങ്കയാണെന്നാണ് പുറത്തുവരുന്ന വിവരം.
80 ആളുകള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ട്രംപിനെ പിടിച്ചു കുലുക്കിയിരുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്രംപിന്റെ ഉപദേഷ്ടാവുകൂടിയായ ഇവാങ്കയുടെ ഭരണപരമായ കാര്യങ്ങളിലുള്ള ഇടപെടലുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് മന്ത്രിമാര്‍ പറയുന്നു. സിറിയയില്‍ നിന്നും പുറത്തുവരുന്ന കുട്ടികളടക്കം 80 പേര്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ തന്റെ ഹൃദയം തകര്‍ത്തുവെന്ന് ഇവാങ്ക പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു സിറിയക്കുനേരെയുള്ള ആക്രമണം നടന്നത്. കഴിഞ്ഞ ഏഴിനാണ് സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ‘ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ഘട്ടത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യങ്ങളെ നേരിടുന്ന അച്ഛന്റെ പ്രവൃത്തികളില്‍ അഭിമാനിക്കുന്നു’; ആക്രമണത്തിന് ശേഷം ഇവാങ്ക ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.