ദോഹ: ഖത്തര്‍ ലോകകപ്പിലെ യഥാര്‍ത്ഥ യുദ്ധം ഇന്നാണ്. അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ യൂറോപ്യന്‍ ശക്തികളായ ഇംഗ്ലണ്ടും ഫ്രാന്‍സും മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ ഫൈനലായിരിക്കും. നിലവിലെ ലോക ചാമ്പ്യന്മാരാണ് ഫ്രാന്‍സ്. തുണീഷ്യക്കെതിരായ ഏക ഗോള്‍ പരാജയം മാറ്റിനിര്‍ത്തിയാല്‍ തകര്‍ത്തുകളിക്കുന്ന സംഘം. അഞ്ച് ഗോളുകളുമായി മിന്നിനില്‍ക്കുന്ന കിലിയന്‍ എംബാപ്പേ എന്ന അപകടകാരി. അദ്ദേഹത്തെ സഹായിക്കാന്‍ അനുഭവസമ്പന്നരായ അന്റോണിയോ ഗ്രിസ്മാനും ഒലിവര്‍ ജിറോര്‍ഡും. അപകടകരമായി കളിക്കുന്ന മുന്‍നിരക്കാര്‍ക്ക് നിരന്തരം പന്ത് എത്തിക്കുന്ന മധ്യനിര. നായകന്‍ ഹ്യൂഗോ ലോറിസാണ് വല കാക്കുന്നത്. പിന്‍നിരയില്‍ റാഫേല്‍ വരാനേയും സംഘവും.
ഇംഗ്ലണ്ടും മാരക ഫോമില്‍ കളിക്കുന്നവരാണ്. ചാമ്പ്യന്‍ഷിപ്പില്‍ പരാജയമറിയാതെ മുന്നേറുന്നവര്‍. ആദ്യ മല്‍സരത്തില്‍ ഇറാനെ ഗോള്‍വേട്ടയില്‍ മുക്കിയവര്‍. നോക്കൗട്ട് പോരാട്ടത്തില്‍ സെനഗലിനെ നിഷ്പ്രയാസം തകര്‍ത്ത് ഉജ്വല ഫോമില്‍ നില്‍ക്കുന്നവര്‍. കപ്പില്‍ ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നു ഹാരി കെയിന്‍ നയിക്കുന്ന ടീം. താരതമ്യത്തില്‍ ശക്തി ഗാരത്ത് സൗത്ത്‌ഗെയിറ്റിന്റെ സംഘത്തിനാണ്. ആദ്യ മല്‍സരം മുതല്‍ ആധികാരികത പ്രകടിപ്പിക്കുന്നു അവര്‍. വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ ടീമെന്ന നിലയിലും ഹാരിയും സംഘവും അപാരമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വിംഗുകളിലൂടെ കടന്ന് കയറാന്‍ മിടുക്കരാണ് ബുക്കായോ സാക്കേയും ഹാരിയുമെല്ലാം. സാക്കേ കോച്ചിന്റെ ആദ്യഇലവന്‍ താരമാണെങ്കില്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്നും വരുന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഗ്രീലിഷുമെല്ലാം അപകടകാരികള്‍. അതിവേഗതയില്‍ ആക്രമിക്കുകയാണ് ഇംഗ്ലീഷ് പ്ലാന്‍. കഴിഞ്ഞ എല്ലാ മല്‍സരങ്ങളിലും ഇതേ ശൈലിയാണ് അവര്‍ പിന്തുടര്‍ന്നത്. തുടക്കത്തില്‍ ഒരു ഗോള്‍ നേടാനായാല്‍ ആത്മവിശ്വാസം വര്‍ധിക്കും. എംബാപ്പേയെ ഇംഗ്ലീഷ് ഡിഫന്‍സ് ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തെ സ്വതന്ത്രനാക്കിയാല്‍ അത് അപകടകരമാവുമെന്ന് സൗത്ത് ഗെയിറ്റിനറിയാം. നോക്കൗട്ടില്‍ എംബാപ്പേ സ്വതന്ത്രനായിരുന്നു. രണ്ട് ഗോളുകളാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. കരീം ബെന്‍സേമയുടെ പകരക്കാരനായി ഇടം കിട്ടിയ ജിറൂദ് അവസരങ്ങളെ പ്രയോജനപ്പെടുത്തുന്ന താരമായതിനാല്‍ അദ്ദേഹത്തെയും ഭയപ്പെടണം.
ഫ്രാന്‍സ് മധ്യനിരയില്‍ വിശ്വാസമര്‍പ്പിച്ച് കളികുന്നവരാണ്. എംബാപ്പേയെ തന്ത്രപരമായി ഉപയോഗപ്പെടുത്തുക എന്നതാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ സ്ട്രാറ്റജി. പക്ഷേ വേഗതയില്‍ ടീം പിറകിലാണ്. അതാണ് കാര്യമായ പ്രശ്‌നം. പന്ത് കിട്ടിയാല്‍ മാരക വേഗക്കാരനാണ് എംബാപ്പേ. ആ വേഗത മറ്റാര്‍ക്കുമില്ല. പ്രതിരോധത്തില്‍ അനുഭവസമ്പന്നരുണ്ട്. പക്ഷേ തുണിഷ്യക്കെതിരായ മല്‍സരത്തിലെ ചാഞ്ചാട്ടം പ്രതിയോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഇതുവരെ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 17 തവണ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. അഞ്ചു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1923ല്‍ ആദ്യ മത്സരത്തില്‍ 4-1ന് വിജയിച്ചതു മുതല്‍ ആധിപത്യം ഇംഗ്ലണ്ടിന് തന്നെയാണ്. ഫ്രാന്‍സിന് ഒമ്പത് തവണ മാത്രമേ വിജയ തീരത്തണയാനായിട്ടുള്ളൂ. എന്നാല്‍ 2000നു ശേഷം ഒരു തവണ മാത്രമേ ഇംഗ്ലണ്ടിന് ഫ്രാന്‍സിനെതിരെ വിജയം കാണാനായുള്ളൂ. 2015ല്‍ സൗഹൃദ മത്സരത്തിലായിരുന്നു ഇത്. 2017ലാണ് ഇരു ടീമുകളും അവസാനമായി മുഖാമുഖം വന്നത്. അന്ന് വിജയം 3-2ന് ഫഞ്ച് പടക്കൊപ്പമായിരുന്നു. ലോകകപ്പില്‍ രണ്ട് തവണയാണ് ഇതിനു മുമ്പ് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണയും ഇംഗ്ലീഷ് പരീക്ഷയില്‍ ഫ്രാന്‍സ് തോല്‍ക്കുകയായിരുന്നു. രാത്രി 12.30 നാണ് ഇന്നത്തെ മല്‍സരം.