പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്.
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു. ആണവ കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്തുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്യന്‍ രാജ്യങ്ങളെയാണ്.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ നേരിടാനോ മേഖലയില്‍ തെഹ്‌റാനുള്ള സ്വാധീനം കുറക്കാനോ കരാറിന് ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പിന്മാറിയത്. 2015ല്‍ അമേരിക്ക മുന്‍കൈയെടുത്ത് ഒപ്പുവെച്ച കരാര്‍ റദ്ദാക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആണവായുധം വികസിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉള്‍പ്പെടുന്ന വന്‍ശക്തികള്‍ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ആണവായുധ പദ്ധതി ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെ അമേരിക്കന്‍ ഉപരോധങ്ങള്‍ തിരിച്ചുവരുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നഷ്ടമുണ്ടാകും.
യൂറോപ്യന്‍ നിര്‍മാണക്കമ്പനിയായ എയര്‍ബസ് ഇറാനുമായി ഒപ്പുവെച്ചിരുന്ന 100 വിമാനങ്ങളുടെ കരാര്‍ അപകടത്തിലാണ്. ഫ്രഞ്ച് ഊര്‍ജ കമ്പനി ടോട്ടല്‍, റിനോള്‍ട്ട് ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മാതാക്കള്‍ക്കും ഇറാനില്‍ നിക്ഷേപമുണ്ട്. 2016ല്‍ ഉപരോധങ്ങള്‍ പിന്‍വലിച്ച ശേഷം ഇറാനിലേക്കുള്ള ഫ്രഞ്ച്, ജര്‍മന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഉപരോധങ്ങള്‍ വീണ്ടും ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുമെന്ന് ഫ്രഞ്ച് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നാം കുനിയുകയാണോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഇറാനെതിരെ ഉപരോധങ്ങള്‍ കൊണ്ടുവരുമ്പോള്‍ തങ്ങളുടെ കമ്പനികളെ ഒഴിവാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.