യൂറോപ്പിലെ വിവിധ ലീഗുകളില്‍ പ്രമുഖരായ റയല്‍ മാഡ്രിഡ്, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ക്ക് ജയം. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളിന് റയല്‍ സോഷ്യദാദിനെ വീഴ്ത്തിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ കരുത്തരായ ഒളിംപിക് ലിയോണിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടനെ എതിരില്ലാത്ത നാലു ഗോളിന് തറപറ്റിച്ചു.
സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചിരുന്ന സോഷ്യദാദിനെ അവരുടെ തട്ടകത്തില്‍ നേരിട്ട റയല്‍ മാഡ്രിഡ് 19-ാം മിനുട്ടില്‍ ബോര്‍ഹ മയോറലിലൂടെയാണ് മുന്നിലെത്തിയത്. 28-ാം മിനുട്ടില്‍ കെവിന്‍ റോഡ്രിഗ്യൂസ് സോഷ്യദാദിനെ ഒപ്പമെത്തുച്ചു. എന്നാല്‍ 36-ാം മിനുട്ടില്‍ മയോറലിന്റെ ക്രോസ് തടയാനുള്ള ശ്രമത്തില്‍ കെവിന്‍ റോഡ്രിഗ്യൂസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയലിന് വീണ്ടും ലീഡായി. 61-ാം മിനുട്ടില്‍ ഗരത് ബെയ്ല്‍ ആണ് റയലിന്റെ വിജയമുറപ്പിച്ച് ലക്ഷ്യം കണ്ടത്.
സീസണിലെ രണ്ടാം ജയത്തോടെ റയല്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി. ബാര്‍സലോണ (12), സെവിയ്യ (10), സോഷ്യദാദ് (9) എന്നിവരാണ് എട്ട് പോയിന്റുള്ള റയലിന്റെ മുന്നിലുള്ളത്.
വാശിയേറിയ പോരാട്ടത്തില്‍ പി.എസ്.ജിക്കെതിരെ രണ്ട് സെല്‍ഫ് ഗോളുകളാണ് ഒളിംപിക് ലിയോണിന് തിരിച്ചടിയായത്. 75-ാം മിനുട്ടില്‍ കവാനിയുടെ ഹെഡ്ഡര്‍ മാര്‍സലോ ഫില്‍ഹോയുടെ ശരീരത്തില്‍ തട്ടി സ്വന്തം പോസ്റ്റിലെത്തിയപ്പോള്‍ 86-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം തടഞ്ഞ കീപ്പര്‍ റുള്ളിയുടെ സേവ് ജെറമി മോറലിന്റെ ശരീരത്തില്‍ തട്ടി വലയിലെത്തി.
തുടര്‍ച്ചയായ ആറാം മത്സരവും ജയിച്ച പി.എസ്.ജി 18 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. മൊണാക്കോ (15), സെയ്ന്റ് എറ്റിയന്‍ (13), ബോര്‍ഡോ (12) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
എവര്‍ട്ടനെതിരെ നാലാം മിനുട്ടില്‍ ആന്റോണിയോ വലന്‍സിയ ആണ് മാഞ്ചസ്റ്ററിനെ ആദ്യം മുന്നിലെത്തിച്ചത്. 83-ാം മിനുട്ടില്‍ ലുകാകുവിന്റെ പാസില്‍ മിഖത്രയന്‍ ലീഡുയര്‍ത്തി. 89-ാം മിനുട്ടില്‍ ലുകാകു ലക്ഷ്യം കണ്ടതിനു പിന്നാലെ ഇഞ്ചുറി ടൈമില്‍ ആന്റണി മാര്‍ഷ്യല്‍ പെനാല്‍ട്ടി ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.