ലണ്ടന്‍: രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്ന ഫിഫയുടെ പുതിയ നിര്‍ദ്ദേശത്തിനെതിരെ യൂറോപ്യന്‍ ക്ലബ് അസോസിയേഷനും. യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ ഫിഫയുടെ നിര്‍ദ്ദേശത്തിനെതിരെ നേരത്തെ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. അതിന് പിറകെയാണിപ്പോള്‍ വന്‍കരയിലെ മുഖ്യധാരാ ക്ലബുകളുടെ സംഘടനയായ ക്ലബ് അസോസിയേഷനും രംഗത്ത് വന്നിരിക്കുന്നത്.
പുതിയ ഫിഫ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ ഫുട്‌ബോള്‍ കലണ്ടര്‍ തകിടം മറിയുമെന്നാണ് ക്ലബുകാരുടെ സംഘടന വാദിക്കുന്നത്. ആരുമായും ഈ കാര്യം ചര്‍ച്ച ചെയ്യുന്നില്ല. തീരുമാനങ്ങള്‍ ഏകപക്ഷീയമായി മാറുകയാണ്. മാറ്റങ്ങള്‍ നല്ലതാണ്. പക്ഷേ ആ കാര്യത്തില്‍ വ്യക്തമായ ചര്‍ച്ചകളും ഇടപെടലുകളും വേണം-230 ക്ലബുകള്‍ അംഗമായ സംഘടന വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടക്കുമ്പോള്‍ ക്ലബ് കലണ്ടറാണ് താറുമാറാവുക. അത് ക്ലബുകളെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കും. ഈ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം വേണം. താരങ്ങളുടെ ആരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കും. ക്ലബിനായും രാജ്യത്തിനുമായുള്ള പോരാട്ടങ്ങള്‍ താരങ്ങളെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ആഴ്‌സനല്‍ പരിശീലകനായിരുന്ന ആഴ്‌സന്‍ വെംഗറാണ് പുതിയ നിര്‍ദ്ദേശം ലോകത്തിന് മുന്നില്‍ വെടച്ചത്. അദ്ദേഹമാണ് ഫിഫയുടെ ഫുട്‌ബോള്‍ വികസനസമിതി ചെയര്‍മാന്‍. വലിയ മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നാണ് വെംഗര്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ നാല് വര്‍ഷത്തിലൊരിക്കലാണ് ലോകകപ്പ്. അതിനിടെ തന്നെ യോഗ്യതാ മല്‍സരങ്ങളും തിരക്കും. ഇതൊഴിവാക്കി രണ്ട് വര്ഷത്തിലൊരിക്കല്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയാല്‍ ഫുട്‌ബോളിന്റെ പിന്തുണയും താരങ്ങളുടെ കരുത്തും വര്‍ധിക്കുമെന്നാണ് വെംഗര്‍ പറയുന്നത്.
പക്ഷേ മധ്യ-അമേരിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ കോണ്‍കാകാഫ് മാത്രമാണ് വെംഗറുടെ നിര്‍ദ്ദേശത്തോട് ഇത് വരെ യോജിപ്പ് പ്രകടിപ്പിച്ചത്. യുവേഫ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയും ആഫ്രിക്കയും ലാറ്റിനമേരിക്കയും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.