X
    Categories: Newsworld

ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളി യൂറോപ്പ്

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളി യൂറോപ്പ്. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ കാട്ടുതീ പടരുമ്പോള്‍ ബ്രിട്ടനുള്‍പ്പെടെ യൂറോപ്യന്‍ മേഖല മുഴുവന്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്-39.1 ഡിഗ്രി സെല്‍ഷ്യസ്. താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ്് നല്‍കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടേണ്ടിവരും. ലണ്ടന്‍ മുതല്‍ മാഞ്ചെസ്റ്റര്‍ വരെയും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ആരോഗ്യമുള്ളവരുടെ ജീവന്‍ പോലും അപകടത്തിലാകാന്‍ സാധ്യയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബ്രിട്ടീഷ് സുപ്രീംകോടതിയും മ്യൂസിയവും ഉള്‍പ്പെടെ പല പ്രധാന കേന്ദ്രങ്ങളും നേരത്തെ അടച്ചു. രാജ്യത്ത് ആദ്യമായി രാത്രി കാല അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ആളുകള്‍ പുറത്തിറങ്ങാതായതോടെ റോഡുകളും പാര്‍ക്കുകളും വിജനയമായിത്തുടങ്ങിയിട്ടുണ്ട്.

ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിനശിക്കുന്നത്. കഴിഞ്ഞയാഴ്ച പോര്‍ച്ചുഗലില്‍ അന്തരീക്ഷ താപനില 47 ഡിഗ്രിയും സ്‌പെയ്‌നില്‍ 45 ഡിഗ്രിയും രേഖപ്പെടുത്തി. ഇരു രാജ്യങ്ങളില്‍ ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്തവര്‍ കൂടുതല്‍ ദുരിതത്തിലായി. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജിറോന്ദ് മേഖലയില്‍ കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒമ്പത് വിമാനങ്ങളും ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളെയും അണിനിരത്തി തീ കെടുത്താന്‍ ശ്രമം തുടരുകയാണ്. സപെയ്‌നില്‍ ഞായറാഴ്ച 36 ഇടങ്ങളില്‍ കാട്ടുതീയുണ്ടായി.

Chandrika Web: