X
    Categories: MoreSports

യൂറോപ്പ ലീഗ്: സെമിയില്‍ ആര്‍സനലും അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കുനേര്‍

ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് സെമിഫൈനലില്‍ ആര്‍സനലും അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കു നേര്‍. സെമി ഫൈനല്‍ നറുക്കെടുപ്പിലാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഫൈനലിനു മുമ്പേ ഏറ്റുമുട്ടാന്‍ തീരുമാനമായത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് മാഴ്‌സേയും ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍.ബി സാല്‍സ്ബര്‍ഗും ഏറ്റുമുട്ടും.

സി.എസ്.കെ.എ മോസ്‌കോയെ ഇരുപാദങ്ങളിലുമായി 6-4 ന് തോല്‍പ്പിച്ചാണ് ആര്‍സനല്‍ സെമിയില്‍ ഇടമുറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ നാലു ഗോളിന് ജയിച്ചിരുന്ന ആര്‍സീന്‍ വെങറുടെ ടീമിനെ രണ്ടാം പാദത്തില്‍ റഷ്യന്‍ ക്ലബ്ബ് 2-2 സമനിലയില്‍ തളക്കുകയായിരുന്നു. ഫെദോര്‍ ചലോവ്, കിരില്‍ നബാബ്കിന്‍ എന്നിവരുടെ ഗോളില്‍ മുന്നിട്ടു നിന്ന മോസ്‌കോ സ്വന്തം ഗ്രൗണ്ടില്‍ ഭീഷണിയുയര്‍ത്തിയെങ്കിലും ഡാനി വെല്‍ബെക്ക്, ആരോണ്‍ റാംസി എന്നിവരുടെ ഗോളില്‍ ഗണ്ണേഴ്‌സ് തിരിച്ചടിക്കുകയായിരുന്നു.

പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ രണ്ടു ഗോള്‍ ജയമാണ് അത്‌ലറ്റികോയ്ക്ക് തുണയായത്. 28-ാം മിനുട്ടില്‍ സ്‌പോര്‍ട്ടിങ് ഫ്രെഡി മൊണ്ടേറോയിലൂടെ ലീഡെടുത്തെങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാനുതകുന്ന രണ്ടാം ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.

ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ 4-1 ന് വീഴ്ത്തിയാണ് സാല്‍സ്ബര്‍ഗ് മുന്നേറിയത്. ആദ്യപാദത്തില്‍ 4-2 ന് ജയിച്ച ലാസിയോ സിറോ ഇമ്മൊബിലിന്റെ ഗോളില്‍ രണ്ടാം പാദത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പൊരുതിക്കളിച്ച സാല്‍സ്ബര്‍ഗ് മുനാസ് ദബൂര്‍, അമദു ഹൈദറ, ഹ്വാങ് ഹീ ചാന്‍, സ്റ്റെഫാന്‍ ലെയ്‌നര്‍ എന്നിവരുടെ ഗോളുകളില്‍ അത്ഭുത ജയം നേടുകയായിരുന്നു.
ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗിനെ 5-2 ന് തോല്‍പ്പിച്ചാണ് മാഴ്‌സെയുടെ സെമി പ്രവേശം. ആദ്യപാദം സ്വന്തം ഗ്രൗണ്ടില്‍ ഒരു ഗോളിന് ജയിച്ചിരുന്ന ലീപ്‌സിഗ് രണ്ടാം പാദത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് തോല്‍വി വഴങ്ങിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: