X

യൂറോപ്പയില്‍ റൂണി; ഇന്ററിന് ഇസ്രാഈല്‍ തോല്‍വി

ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഓള്‍ഡ് ട്രാഫോഡില്‍ 64,628 കാണികളെ സാക്ഷി നിര്‍ത്തി ഫെയ്‌നൂര്‍ദിനെതിരായ മത്സരം ഇംഗ്ലീഷ് ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയ്ക്ക് അവിസ്മരണീയ ദിനമായിരുന്നു. ഏകപക്ഷീയമായ നാലു ഗോളിന് മത്സരം യുണൈറ്റഡ് സ്വന്തമാക്കി. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി തന്റെ 39-ാമത്തെ യൂറോപ്യന്‍ ഗോള്‍ കണ്ടെത്തിയതിലൂടെ നെതര്‍ലന്‍ഡ്‌സിന്റെ റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെ 38 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗോളുകളെന്ന റെക്കോര്‍ഡ് പഴങ്കഥയാക്കാനും റൂണിക്കായി. വിജയത്തോടെ യുണൈറ്റഡ് ഫെനര്‍ബഷെക്കു പിന്നിലായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യ പകുതി അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു റൂണിയുടെ റെക്കോര്‍ഡ് ഗോള്‍ പിറന്നത് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ പാസില്‍ നിന്നുമാണ് റൂണി ആദ്യ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ കളി പൂര്‍ണമായും വരുതിയിലാക്കി. 69-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയിലൂടെ ലീഡ് രണ്ടായി ഉയര്‍ത്തി. ആറ് മിനിറ്റിന് ശേഷം യുണൈറ്റഡ് മൂന്നാം ഗോളും നേടി. ഇബ്രാഹിമോവിച്ചിന്റെ ഷോട്ട് അകറ്റാനുള്ള ഫൈനൂര്‍ദ് താരം ജോണ്‍സിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ സമാപിക്കുകയായിരുന്നു. മത്സരത്തിന്റെ അധികസമയത്ത് ലിംഗാര്‍ഡ് യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍ 4-0. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെ കുതിപ്പു തുടര്‍ന്നു.

ഉക്രൈന്‍ ക്ലബ്ബ് സോര്‍യയെ ഏകപക്ഷീയമായ രണ്ട് ഗോളിന് ഫെനര്‍ബഷെ തോല്‍പിച്ചു. അതേ സമയം ഇന്റര്‍മിലാന്റെ കഷ്ടകാലം തുടര്‍ക്കഥയാവുകയാണ്. ഇസ്രാഈലി ക്ലബ്ബ് ഹാപോല്‍ ബീര്‍ഷേവയോട് രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം 3-2ന് തോറ്റ് മിലാന്‍ ലീഗില്‍ നിന്നും പുറത്തായി. മറ്റു മത്സരങ്ങളില്‍ സെനിത് 2-0ന് മകാബി ടെല്‍ അവീവിനേയും അസ്താന 2-1ന് അപോലിനേയും അയാക്‌സ് 2-0ന് പനാതിയാക്കോസിനേയും സ്പാര്‍ട്ട പ്രാഹ 1-0ന് സതാംപ്ടണേയും റോമ 4-1ന് വിക്ടോറിയ പ്ലേസനേയും തോല്‍പിച്ചു.

chandrika: