X

യുറോപ്പ ലീഗ് : ആര്‍സനലിന് സമനില, എവര്‍ട്ടണ്‍ പുറത്ത്

ലണ്ടന്‍: യുറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന് ഗോള്‍ രഹിത സമനില. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് എവര്‍ട്ടണ്‍ പുറത്തായി. സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍, അത്‌ലറ്റിക് ക്ലബ് റയല്‍ സോസിടാഡ് എന്നിവര്‍ക്ക് ജയം.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ സെര്‍ബിയന്‍ ക്ലബ് എഫ്.കെ ക്രിവേന സെസ്ട ബിയോഗ്രാഡാണ് ഗണ്ണേഴ്‌സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഒലിവര്‍ ജിറൂട്, ജാക് വില്‍ഷെയര്‍, തിയോ വാല്‍ക്കോട്ട് ത്രയങ്ങളെ മുന്‍നിരയില്‍ പരിശീലകന്‍ ആര്‍സെന്‍ വെങര്‍ പരിക്ഷിച്ചെങ്കിലും ഇതിനു ഫലമുണ്ടായില്ല. ഗ്രൂപ്പ് എച്ചില്‍ നാലു കളിയില്‍ മൂന്നു ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുള്ള ആര്‍സനല്‍ ഒന്നാം സ്ഥാനത്താണ്. മോശം ഫോം തുടരുന്ന എവര്‍ട്ടണ്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് പുറത്തായി. മാഞ്ചസ്റ്റര്‍ യുണെറ്റഡില്‍ നിന്നും ഒളിംപിക് ലിയോണില്‍ ലോണിലെത്തിയ മെംഫിസ് ഡിപേ ഒരു ഗോള്‍ നേടുകയും ഒരുഗോളിന് വഴിയൊരുക്കി കളിയിലെ താരമായി. ഗ്രൂപ്പ് എച്ചില്‍ കളിച്ച നാലു കളിയില്‍ മൂന്നു കളിയിലും എവര്‍ട്ടണ്‍ ഇതോടെ തോറ്റു. എട്ടു പോയിന്റു വീതം നേടി ഒളിംപിക് ലിയോണും ഇറ്റാലിയന്‍ സീരി എ ക്ലബ് അത്‌ലാന്റ് ബി.സിയുമാണ് ഒന്നാമത്. ഒരു പോയിന്റ് മാത്രമാണ് എവര്‍ട്ടണിന്റെ സമ്പാദ്യം.

അതേസമയം സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍, അത്‌ലറ്റിക് ക്ലബ്, റയല്‍ സോസിടാഡ് എന്നിവര്‍ ജയിച്ചു പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഗ്രീസില്‍ നിന്നുള്ള എ.ഇ.കെ എതന്‍സ് എഫ്.സി മുന്‍ ഇറ്റാലിയന്‍ ചാമ്പ്യരായ എ.സി മിലാനെ സമനില(0-0)യില്‍ തളച്ചു. സമനില വഴങ്ങിയെങ്കിലും എട്ടു പോയിന്റുമായി മിലാന്‍ തന്നെയാണ് ഗ്രൂപ്പ് ഡിയില്‍ മുന്നില്‍.

ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് വിക്ടോറിയ ഗ്വിമാറസിനെതിരെ ഒളിംപിക് മാഴ്സെ പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഴ്‌സെ തോല്‍വി പിണഞ്ഞത്. മത്സരം ആരംഭിക്കും മുമ്പ് വംശീയമായി അധിക്ഷേപിച്ച ആരാധകനെ ചവിട്ടിയതിന് ഒളിംപിക് മാഴ്സെ താരം പാട്രീസ് എവ്ര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.

chandrika: