സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരായ മത്സരത്തില്‍ ബെല്‍ജിയത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.
88ാം മിനിറ്റില്‍ ലുകാകു ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
അതേസമയം ഗ്രൂപ്പ് ബിയിലെ ഡെന്മാര്‍ക്ക് ഫിന്‍ലന്റ് മത്സരത്തില്‍ ഫിന്‍ലന്റ് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം കണ്ടെത്തി. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്റിനായി ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഡെന്മാര്‍ക്കിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണിരുന്നു. ഇതേ തുടര്‍ന്ന് കളി റദ്ദാക്കി. പിന്നീട് എറിക്‌സന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കളി വീണ്ടും ആരംഭിച്ചു.
താരങ്ങളുടെയും റഫറിയുടെയും അവസരോചിതമായ ഇടപെടലാണ് എറിക്‌സന്റെ അപകട നില തരണം ചെയ്യാന്‍ സഹായകമായത്.
അതിനിടെ ലുക്കാക്കു നേടിയ ആദ്യ ഗോള്‍ പരിക്കേറ്റ ക്രിസ്റ്റ്യന്‍ എറിക്‌സനാണ് സമര്‍പിച്ചത്. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ അടുക്കല്‍ വന്ന് ക്രിസ് ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു എന്ന് പറയുകയായിരുന്നു. സീരി എ ഇന്റര്‍മിലാന്റെ താരങ്ങളാണ് ഇരുവരും.