X

മെട്രോ മാന്‍ മടങ്ങുമ്പോള്‍

സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ മറ്റൊരു പ്രതിഫലനമായി മാറിയിരിക്കുകയാണ് കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നുള്ള ഡി.എം.ആര്‍.സിയുടെ പിന്മാറ്റം. വാചക കസര്‍ത്തുകള്‍ക്കപ്പുറം നാടിന്റെ അടിസ്ഥാന വികസന മേഖലയില്‍ ഈ സര്‍ക്കാര്‍ എത്രത്തോളം താല്‍പര്യമെടുക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിത്തരുന്നതാണ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെ കൈക്കൊണ്ട നടപടികള്‍. ഈ മാസം പതിനഞ്ചോടെ തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്നാണ് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയതിലൂടെ ഡി.എം.ആര്‍.സിക്ക് വന്‍ നഷ്ടമാണുണ്ടായതെന്നും പ്രവര്‍ത്തികളൊന്നും ആരംഭിക്കാത്ത സാഹചര്യത്തില്‍ പ്രതിമാസം 16 ലക്ഷം രൂപമുടക്കി ഓഫീസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കൊച്ചി മെട്രോയോടൊപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു സ്വപ്‌ന പദ്ധതിയായിരുന്നു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ രൂക്ഷമായ ഗതാതഗതക്കുരുക്കിന് പരിഹാരമായുള്ള ലൈറ്റ് മെട്രോ പദ്ധതി. രണ്ടു നഗരങ്ങളിലും മോണോ റെയില്‍ പദ്ധതിയായിരുന്നു ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും പിന്മാറി 2014ലാണ് ലൈറ്റ് മെട്രോ ആശയം രൂപപ്പെടുന്നത്. ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2014 ഒക്ടോബറില്‍ ഡി.എം.ആര്‍.സി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രൊജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചു. 2015 ജൂണില്‍ കേരള റെയില്‍ട്രാന്‍സ് പോര്‍ട്ട് ലിമിറ്റഡ് (കെ.ആര്‍.ടി.എല്‍) രൂപവത്കരിച്ചു. 2015 സെപ്തംബറില്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ പദ്ധതി രേഖ അംഗീകരിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുക്കുമെന്നതിനാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാമെന്ന് സംസ്ഥാന സര്‍ക്കാരിനെ ഡി.എം.ആര്‍.സി അറിയിക്കുകയും ചെയ്തു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളും ഇത്തരത്തിലാണ് തുടങ്ങിയത്.
സര്‍ക്കാര്‍ മാറിയ ശേഷം പുതിയ മുഖ്യമന്ത്രി 2016 ജൂലൈയില്‍ പ്രോജക്ട് വിശകലനം ചെയ്തു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത് പോലെ തന്നെ നടപടികള്‍ പുരോഗമിക്കട്ടെയെന്ന് പറഞ്ഞ് ഡി.എം.ആര്‍.സിയെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഒരു തരത്തിലുള്ള താല്‍പര്യവും പ്രകടമായില്ല. ഡി.എം.ആര്‍.സി സര്‍ക്കാറിനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും നോക്കാം, ശരിയാക്കാം തുടങ്ങിയ പതിവു പല്ലവികളില്‍ അഭയം തേടുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മന്ത്രിസഭയിലെ പല അംഗങ്ങളും ഡി.എം.ആര്‍.സിക്കെതിരെയും ഇ.ശ്രീധരനെതിരെയും ഒളിയമ്പുകളെയ്തു കൊണ്ടിരിക്കുകയും ചെയ്തു. ഇതോടെ തന്നെ ഇനി കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ലെന്ന് ഏതാണ്ട് വ്യകതമായിരുന്നു.
2016 ഡിസംബറില്‍ തിരുവനന്തപുരത്തെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് വേണ്ടി കരട് രേഖ കെ.ആര്‍.ടി.എല്‍ സമര്‍പിച്ചെങ്കിലും അത് അംഗീകരിച്ച് ഉത്തരവ് ഒപ്പിട്ട് നല്‍കിയില്ലെന്ന് ഡി.എം.ആര്‍.സി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും കണ്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2017 മെയ് മാസത്തില്‍ കമ്പനി കത്തു നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് മൂന്ന് മാസമായിട്ടും അനുമതി ലഭിക്കാത്തതിനാല്‍ ഒരു ജോലിയുമില്ലാതെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പദ്ധതിയില്‍നിന്നും പിന്മാറുന്നതെന്നുമാണ് ഡി.എം.ആര്‍.സി അറിയിച്ചത്. പിന്‍മാറിയെന്ന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഉന്നയിച്ചത്.
അതിനിടെയാണ് ശ്രീധരന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകളും പുറത്തുവന്നത്. പദ്ധതിക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്ന് രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിശദമായ പദ്ധതിരേഖ സംബന്ധിച്ച് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഇ. ശ്രീധരന് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റെയും കത്തുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും കരാറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പിന്മാറിയെന്ന ബാലിശമായ വാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉയര്‍ത്തിയത്. ലൈറ്റ് പദ്ധതി നിര്‍വഹണത്തിന് ഡി.എം.ആര്‍.സി തന്നെ വേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ പുതിയ ചോദ്യം. എന്നാല്‍ വസ്തുതകള്‍ മറന്നുകൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയുന്നത്. മെട്രോ, മോണോ റെയില്‍ ഗതാതവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ഡി.എം.ആര്‍.സിക്ക് പുറമെ ആന്ധ്രാ സര്‍ക്കാറും യു.പി സര്‍ക്കാറും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജോലി ഭാരം കാരണം ആന്ധ്രാസര്‍ക്കാറുമായുള്ള കരാര്‍ അദ്ദേഹം ഉപേക്ഷിച്ചിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും തങ്ങളുടെ സേവനം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറായത്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിന്റെയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടേയും ഇടപെടലിലൂടെയാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം അവര്‍ ഏറ്റെടുത്തത്. തന്റെ ജന്മനാടിനുവേണ്ടിയുള്ള വികസന പ്രവര്‍ത്തനമെന്ന നിലയില്‍ പ്രത്യേക താല്‍പര്യവും മെട്രോ, ലൈറ്റ് മെട്രോ പദ്ധതികളിലെല്ലാം അദ്ദേഹം പ്രകടമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി വിഭാവനം ചെയ്യപ്പെടുന്ന ലൈറ്റ് മെട്രോ പദ്ധതിയെ വളരെ പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം നോക്കി കണ്ടിരുന്നത്. എന്നാല്‍ ഈ സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് അത് സ്വപ്‌നമായി അവശേഷിക്കുകയാണ്. ഒരു ചെറിയ പ്രവൃത്തി പോലും പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചതില്‍നിന്നും രണ്ടും മൂന്നും വര്‍ഷമൊക്കെ അധികമെടുക്കുന്ന നമ്മുടെ നാട്ടില്‍ കൊച്ചി മെട്രോ എന്ന വന്‍കിട പദ്ധതി സമയ ബന്ധിതമായി നടപ്പാക്കാനായത് അല്‍ഭുതകരമാണ്. കേരളം നെഞ്ചേറ്റിയ ഈ പദ്ധതിയില്‍ പോലും ഡി.എം.ആര്‍.സിയോടും ശ്രീധരനോടുമുള്ള വിരോധം കാരണം ന്യൂനത കണ്ടെത്തുന്നത് ക്രൂരതയാണ്. കൊച്ചി മെട്രോ നഷ്ടത്തിലാണെന്ന വാദമാണ് സര്‍ക്കാര്‍ പുതുതായി ഉയര്‍ത്തുന്നത്. എന്നാല്‍ ലോകത്ത് ഒരു മെട്രോയും സര്‍വീസ് കൊണ്ട് മാത്രം ലാഭത്തിലോടിയിട്ടില്ലെന്നും ഇതിന് അനുബന്ധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങളൊന്നും ഗൗരവത്തിലെടുക്കാന്‍ സന്നദ്ധമാവാത്ത സര്‍ക്കാര്‍ തന്നെയാണ് ഇതിനുത്തരവാദിയെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പൊന്നാനി നഗര വികസന പദ്ധിതിയുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തികളില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറിയത് സംസ്ഥാനത്തിന്റെ വികസനരംഗത്തുണ്ടാകുമായിരുന്ന വന്‍കുതിപ്പിന് വിഘാതമാവും.

chandrika: