മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാര്‍ഗത്തിലൂടെയും തകര്‍ക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഉണ്ടായത്.
ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ബിജെപിയുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതില്‍ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകള്‍ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികള്‍ നാടിന് അപമാനമാണ്.
ജനാധിപത്യത്തിന്റെ എല്ലാ മേഖലകളെയും കൈവശപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച പോലുമില്ലാതെയാണ് പല ബില്ലുകളും പാസാക്കുന്നത്. വളരെ വലിയ ജനകീയ വിഷയങ്ങള്‍ പോലും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം മുഖവിലക്കെടുക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കാറില്ല. അതിന്റെ പേരില്‍ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ് തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി.
അതിനെല്ലാം ഉത്തരവാദി സര്‍ക്കാറാണ്. ബഹളത്തിന്റെ മറവില്‍ കോടികളുടെ ബില്ലുകള്‍ പാര്‍മെന്റില്‍ പാസാക്കുകയും അദാനിയുള്‍പ്പെടെയുള്ളവരുമായി സര്‍ക്കാര്‍ നടത്തുന്ന ചൂതാട്ടത്തെ മറച്ചുപിടിക്കുകയുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാഹുല്‍ ഗാന്ധിയെ മോദി ഭരണകൂടം വല്ലാതെ ഭയപ്പെടുന്നുവെന്നതാണ് ഇതിന്റെ സാരം. ഇപ്പോള്‍, വളഞ്ഞ വഴിയിലൂടെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അകറ്റാനും വേട്ടയാടി ഇല്ലായ്മ ചെയ്യാനുമാണ് ശ്രമം.
രാജ്യത്തെ പത്ര ദൃശ്യമാധ്യമങ്ങളെയും മൂക്കുകയറിട്ട് ഭീഷണിയിലൂടെ വായയടപ്പിക്കാന്‍ നടത്തുന്ന ശ്രമം പുതുമയല്ല. പല മാധ്യമ പ്രവര്‍ത്തകരും അകാരണമായി ജയിലിലാണ്. ഭരണകൂടത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താണ് ശ്രമം. കഴിഞ്ഞ ദിവസം ലക്ഷദ്വീപ എം.പി ഫൈസലിനെ ശിക്ഷിച്ചപ്പോഴും തിടുക്കപ്പെട്ടാണ് അയോഗ്യതാ ഉത്തരവിറക്കിയതും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തതോടെ എടുത്തു ചാടിയ കേന്ദ്ര സര്‍ക്കാര്‍ നാണം കെട്ടു. ഇതിനു സമാനമായ ദുരൂഹ ഇടപെടലാണ് രാഹുല്‍ഗാന്ധിക്കു നേരെയും ഉണ്ടായത്.
പരമാവധി ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് കോടതി തന്നെ അപ്പീലിന് പോകാന്‍ അതു സ്റ്റേ ചെയ്തതു പോലും കണക്കിലെടുക്കാതെയുള്ള നടപടി ഹീനമാണ്. ഇതു ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ നേരെയുള്ള നടപടിയല്ല; ജനാധിപത്യത്തിനു നേരെ നടക്കുന്ന കടന്നുകയറ്റമാണ്. ജനാധിപത്യ മതേത സമൂഹം ഒറ്റക്കെട്ടായി ഈ ഭീകര നടപടികള്‍ ചെറുത്തു തോല്‍പ്പിക്കും. ഇക്കാര്യത്തില്‍ നീതിക്കായുള്ള പോരാട്ടത്തില്‍ മുസ്്‌ലിംലീഗ് തോളോട് തോള്‍ ചേര്‍ന്ന് നിലകൊള്ളുമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വേട്ട; മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വെപ്രാളം: ഇ.ടി

