X

കൊള്ളയടിച്ച വന്‍വിലമതിക്കുന്ന പുരാവസ്തുക്കള്‍ ബ്രിട്ടനോട് തിരിച്ചുചോദിച്ച് എത്യോപ്യ

ആഡിസ് അബാബ: കൊളോണിയല്‍ ഭരണകാലത്ത് കൊള്ളയടിച്ച് ലണ്ടനിലേക്ക് കടത്തിയ കരകൗശല വസ്തുക്കള്‍ തിരിച്ചുതരണമെന്ന് എത്യോപ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന പുരാവസ്തു ശേഖരത്തില്‍ സ്വര്‍ണ നിര്‍മിത കിരീടം, സ്വര്‍ണ പാത്രം, രാജകീയ വിവാഹ വസ്ത്രം തുടങ്ങി അമൂല്യമായ നിരവധി സാധനങ്ങളുണ്ട്.

19-ാം നൂറ്റാണ്ടില്‍ എത്യോപ്യ ഭരിച്ച ബ്രിട്ടീഷുകാര്‍ ഇവയെല്ലാം കൊള്ളയടിച്ച് ലണ്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലണ്ടന്‍ മ്യൂസിയം അധികൃതര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി പൗരാണിക കരകൗശല വസ്തുക്കള്‍ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് എത്യോപ്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഇന്‍വെന്റ്‌റി, ഗ്രേഡിങ് ആന്റ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടര്‍ ദെസാലന്‍ അബേബോ പറഞ്ഞു.

ബ്രിട്ടീഷ് ഭരണാധികാരികള്‍ മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരിച്ചുവാങ്ങുന്നതിന് 2007 മുതല്‍ തന്നെ എത്യോപ്യ ശ്രമം തുടങ്ങിയിരുന്നു. എത്യോപ്യന്‍ അധികൃതരുടെ ആവശ്യം പരിഗണിക്കുമെന്ന് വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയം ഡയറക്ടര്‍ ട്രിസ്ട്രാം ഹണ്ടും അറിയിച്ചു. എന്നാല്‍ അനധികൃതമായി പുരാവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയതിന് ബ്രിട്ടീഷ് ഭരണകൂടം മാപ്പുപറയണമെന്നാണ് പല എത്യോപ്യക്കാരുടെയും ആവശ്യം.
മുസോളിനിയുടെ ഭരണകാലത്ത് ഇറ്റാലിയന്‍ സേന കൊള്ളയടിച്ച് കൊണ്ടുപോയ 1700 വര്‍ഷം പഴക്കമുള്ള ഗ്രാനൈറ്റ് സ്മാരകസ്തംഭം 2005ല്‍ എത്യോപ്യ ഇറ്റലിയില്‍നിന്ന് തിരിച്ചുവാങ്ങിയിരുന്നു.

chandrika: