സര്‍വ്വ മേഖലയിലും പരാജയമായ പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവില്‍ കോഡിനെ വൈകാരികത സൃഷ്ടിച്ച് അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വര സമൂഹം ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഇ .ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ്ണരൂപം :
വര്‍ഗീയതയില്‍ മുക്കിയ ഏക സിവില്‍കോഡ് തുറുപ്പ് ശീട്ട് മോദി സര്‍ക്കാറിന്റെ ശീട്ട് കീറും. സര്‍വ്വ മേഖലയിലും പരാജയമായ പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവില്‍ കോഡിനെ വൈകാരികത സൃഷ്ടിച്ച് അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വര സമൂഹം ചെറുത്ത് തോല്‍പ്പിക്കും. വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കും.
കേന്ദ്ര സർക്കാരിന്റെ കയ്യിൽ ഏത് വിധം സിവില്‍കോഡാണുളളതെന്നോ എന്താണതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്നോ കൃത്യമായി പറയാതെ ഇതൊരു വര്‍ഗീയ അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് രക്ഷയാകുമെന്ന കണക്കുകൂട്ടല്‍ തെറ്റാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പുതിയ വൈകാരിക വിഷയങ്ങള്‍ അന്വേഷിക്കുന്ന ബി.ജെ.പി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി, മുസ്്‌ലിം വിരുദ്ധമെന്ന ധ്വനിയോടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറയുന്നത്. പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുളള പ്രസ്താവന, തങ്ങളുടെ കയ്യിലുണ്ടായിരുന്ന എല്ലാ സൂത്രങ്ങളും പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ്.
ഏക സിവില്‍കോഡ് മുസ്്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. വിവിധ ആചാരാനുഷ്ടാനങ്ങളുളളവരെയും മതമില്ലാത്തവരെയുമെല്ലാം അടിച്ചമര്‍ത്തും. എന്നിട്ടും ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ച് വൈകാരിക മുദ്രാവാക്യം ഉയര്‍ത്തി എങ്ങിനെയെങ്കിലും അധികാരത്തില്‍ തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുമെന്ന് കാണുമ്പോള്‍ പ്രധാനമന്ത്രിക്ക് വിറളി പിടിക്കുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിന്ന് ഒട്ടും പാഠം പഠിക്കാത്ത നരേന്ദ്ര മോദി, താന്‍ ഭരിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന മനുഷ്യക്കുരുതിയെ കുറിച്ച് ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല.
ഒരു മാസത്തോളമായി മണിപ്പൂര്‍ കത്തിയെരിയുകയാണ്, എല്ലാത്തിന്റെയും ഉത്തരവാദിത്വം ബി.ജെ.പിക്കാണ്. സംഘപരിവാറിന്റെ ഹീനമായ നയപരിപാടികളുടെ മറ്റൊരു ദുരന്തമാണവിടെ കാണുന്നത്. ഇതിലെല്ലാം ദയനീയമായി പരാജപ്പെട്ട മോദി പ്രതിപക്ഷ ഐക്യത്തെ ശിഥിലീകരിക്കാനുള്ള തന്ത്രവിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വരുന്ന പ്രസ്താവനകളാണിത്.
ഒരു കാര്യം വ്യക്തം; ഏക സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനൊക്കില്ല. സ്വാഭാവികമായും രാജ്യത്തെ പ്രതിപക്ഷങ്ങളും പ്രബുദ്ധരായ ജനങ്ങളൊന്നാകെയും ഇതിന്റെ വസ്തുത മനസ്സിലാക്കി അതിനെ എതിർക്കും. എങ്കിലും ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്ന് അതിലൂടെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്, ഇതു നടപ്പിലാകില്ല. വൈവിധ്യങ്ങളെ തമസ്‌കരിച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അതു പ്രതിരോധിക്കാനുള്ള കരുത്ത് രാജ്യത്തെ പ്രതിപക്ഷത്തിനുണ്ട്.