X
    Categories: MoreViews

ബാങ്കുകളുടെ ലയനം; ഗുണത്തെക്കാളേറെ ദോഷമെന്ന്് ഇ.ടി

ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം ഗുണത്തെക്കാളേറെ ദോഷം ചെയ്തതായി ഇ.ടി. മുഹമ്മദ് ബഷീര്‍. പാര്‍ലമെന്റില്‍ ബാങ്ക് നിയമ ഭേദഗതി ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ലോകബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ വന്‍ബാങ്കുകള്‍ക്ക് വഴിയൊരുക്കും. അനാരോഗ്യകരമായ മത്സരത്തെ ആരോഗ്യകരമാക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ആധുനിക സാങ്കേതിക വിദ്യാതിഷ്ഠിതമായ ബാങ്കിങ് മേഖലയിലെ നവീകരണത്തിന് ഇത്തരമൊരു നിയമം നിമിത്തമാകുന്നുണ്ട്. എന്നാല്‍ ചെറിയ ബാങ്കുകളുടെ പ്രാദേശിക പ്രസക്തി വലുതാണ്. അതൊരിക്കലും വിസ്മരിക്കാനാവില്ല. അത് വന്‍കിട ബാങ്കില്‍ ലയിക്കുമ്പോള്‍ ഇല്ലാതാവും. ഇതോടെ സാധാരണക്കാരന് ബാങ്കിംഗ് മേഖല അന്യമാവും. നാട്ടിലെ പല എ.ടി.എമ്മുകളും ഇല്ലാതാവും. നിലവിലുള്ള ജീവനക്കാരുടെയും ഭാവിയിലെ നിയമനങ്ങളെയും ഇത് വിപരീതമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ ലയിക്കുമ്പോഴുണ്ടാവുന്ന സാങ്കേതിക പ്രശ്‌നങ്ങളും ചെറുതല്ല. ബാങ്കുകള്‍ നോക്കേണ്ടത് ലാഭത്തിന്റെയും സാമ്പത്തിക വികാസത്തിന്റേയും കണ്ണുകൊണ്ട് മാത്രമല്ലെന്നും സാമൂഹിക ബാദ്ധ്യതയുടെ കാഴ്ചപ്പാടില്‍ കൂടിയാണെന്നും ബഷീര്‍ എം.പി കൂട്ടിച്ചേര്‍ത്തു.

chandrika: