കോഴിക്കോട്: ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിദ്യാഭ്യാസ മേഖലയെ ധാര്‍മ്മിക മൂല്യങ്ങളുമായി കൂട്ടിയോജിപ്പിക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ‘ഖിയാദ-2018’ പ്രതിനിധി സമ്മേളനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള വല്‍ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി ഉണ്ടായ വൈജ്ഞാനിക വിസ്‌ഫോടനവും സൗകര്യങ്ങളും മൂലം കൈവന്നത് വലിയ നേട്ടമാണ്. ലോക തലത്തിലുള്ള വിദ്യ ആര്‍ജ്ജിക്കാനും അവസരങ്ങള്‍ക്കും പുതിയ കാലത്ത് വാതായനം തുറന്നു. പക്ഷെ, ധാര്‍മ്മികതയില്‍ നിന്നു അകന്നു പോകുന്ന തലമുറ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന സങ്കടകരമായ അവസ്ഥയുമുണ്ട്.
സ്ത്രീ പുരുഷ തുല്യതയും പങ്കാളിത്തവും രാജ്യത്ത് വലിയ ചര്‍ച്ചയാണ്. ഇക്കാര്യത്തില്‍ കേരളം നേടിയ അഭിമാനകരമായ അവസ്ഥക്ക് മുസ്്‌ലിംലീഗിന് വലിയ പങ്കുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിന് സീതി സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പ്രചോദനവും ഭരണ തലത്തില്‍ മുസ്്‌ലിംലീഗ് നടത്തിയ ഇടപെടലുകളും ഗുണകരമായി ഭവിച്ചുവെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. പലരും കല്ലെറിഞ്ഞപ്പോഴും ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ള നേതൃത്വം കൂടെ നിന്നതുകൊണ്ടാണ് സീതി സാഹിബിന്റെ സ്വപ്‌നങ്ങള്‍ സി.എച്ച് ഉള്‍പ്പെടെയുള്ള മുസ്്‌ലിംലീഗ് മന്ത്രിമാരിലൂടെ പുരോഗതി കൈവരിച്ചത്. കേരളത്തിലെ പള്ളിക്കൂടങ്ങള്‍ നിഷിദ്ധമായിരുന്നവരുടെ തലമുറയിലെ പെണ്‍കുട്ടികള്‍ ലോകമാകെ വിദ്യാഭ്യാസവും ജോലിയുമായി പറന്നു നടക്കുന്ന കാഴ്ച ആഹ്ലാദകരമാണ്. ഭിന്നതകള്‍ മാറ്റിവെച്ച് ധിഷണാപരമായ മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പ്രമേയ പ്രഭാഷണം നടത്തി. എം.എസ്.എഫ് വിഷന്‍ മിഷന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ ഫിറോസ് അവതരിപ്പിച്ചു. ടുഗതര്‍ വി ലീഡ് സ്വാമി ആത്മദാസ് യമി നയിച്ചു. ഉസ്്മാന്‍ താമരത്ത്, സുലൈമാന്‍ മേപ്പത്തൂര്‍ ക്ലാസെടുത്തു.
മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലിറ്റില്‍വിംഗ് കമ്മിറ്റി പ്രഖ്യാപനം ശിഹാബ് തങ്ങളുടെ പേരമകന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലാനിശ അരങ്ങേറി. ഇന്റര്‍സോണ്‍ സര്‍ക്ഷപ്രതിഭ വിവേക്, ജവാദ് എന്നിവര്‍ നേതൃത്വം നല്‍കി ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് അദ്ധ്യക്ഷത വഹിച്ചു.
ശമീര്‍ കെ സ്വാഗതവും ഷംസീര്‍ വി.പി നന്ദിയും പറഞ്ഞു. എണ്ണൂറോളം ശാഖകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് നയന്‍ ടു നയന്‍ ഖിയാദ സമ്മേളനത്തില്‍ സംബന്ധിച്ചത്.