X
    Categories: MoreViews

കരസേന മേധാവിയുടെ രാഷ്ട്രീയം അപകടകരം: ഇ.ടി

 

ന്യൂഡല്‍ഹി: ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദറുദീന്‍ അജ്മലിന്റെ പാര്‍ട്ടി ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണെന്നുമുള്ള കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന സൈന്യത്തിലെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളെകുറിച്ച അപകടകരമായ സൂചനയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അസമില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയുണ്ടായ കലാപം പോലുള്ളവ വീണ്ടും സൃഷ്ടിക്കാനാണ് കരസേനാ മേധാവിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബംഗ്ലാദേശ് കുടിയേറ്റത്തെ കുറിച്ച് സംസാരിക്കവെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരാക്കാന്‍ സര്‍ക്കാരിന് പിന്തുണ പാടാനാണ് കരസേനാ മേധാവിയെ രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയം സംസാരിക്കേണ്ട കാര്യം ഒരു കരസേനാ മേധാവിക്കില്ല. ഇത്തരത്തില്‍ തരം താണ പ്രസ്താവനയിറക്കാന്‍ സൈന്യത്തിന്റെ തലപ്പത്തുള്ളവരെ അനുവദിക്കാന്‍ പാടില്ല.
2005ല്‍ രൂപീകൃതമായ ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് അസം നിയമസഭയില്‍ 13 എം.എല്‍.എമാരും 3 എം.പിമാരുമുണ്ട്. ഇക്കാര്യത്തില്‍ രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി അസ്വസ്ഥമാകേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പ്രസ്താവന നടത്തേണ്ടത് സൈനിക മേധാവിയുടെ ഉത്തരവാദിത്വമല്ല. ജനപ്രതിനിധികള്‍ക്കാണ് അക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത്. ഇടി പറഞ്ഞു.

chandrika: