X

ഭോപ്പാല്‍: വിശദീകരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ അന്വേഷണം വേണം: ഇ.ടി

മലപ്പുറം: ജയില്‍ ചാടിയതിനെതുടര്‍ന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെയും പൊലീസിന്റെയും വാദത്തില്‍ ദുരൂഹതയുണ്ടെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏറ്റവും സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് പൊലീസ് പറയുമ്പോഴും അധികൃതര്‍ നല്‍കുന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ട്. ഏറ്റുമുട്ടലിനെ സംശയത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

ജയില്‍പുള്ളികളുടെ പക്കല്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടാകാനിടയില്ല എന്നിരിക്കെ പൊലീസിന് നേരെ വെടിവെച്ചു എന്നു പറയുന്നതും, തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷം ഉണ്ടെന്നിരിക്കെ കൊല്ലപ്പെട്ട എട്ട് പേരുടെയും വേഷം ജീന്‍സും ബനിയനുമാണ് എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. തടവുകാരെ പിടികൂടിയ കഥയോ ജയിലിലെ സി.സി.ടിവി ദൃശ്യങ്ങളോ വെളിപ്പെടുത്തിയിട്ടുമില്ല. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ ഓര്‍മിപ്പിക്കുന്നതാണ് ഭോപാല്‍ സംഭവം എന്നതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്ന് എം.പി ആവശ്യപ്പെട്ടു.

chandrika: