ലക്‌നൗ: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നിരപരാധിയായ ഡോ കഫീല്‍ഖാനെ യോഗി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ഖാന്‍. ഒരു കുറ്റവാളിയോട് കാണിക്കേണ്ട മര്യാദയെങ്കിലും ഒരു നിരപരാധിയോട് കാണിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ എട്ട് മാസമായി കഫീല്‍ഖാനെ തടവിലിട്ട് പീഢിപ്പിക്കുകയാണ്. വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ ഇടപെടലും പ്രതിഷേധവും രൂപപ്പെടേണ്ട സമയം അധിക്രമിച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഇ.ടി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കരുണ വര്‍ഷിച്ചതിന് ഇങ്ങനെ ക്രൂശിക്കരുത്
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വം പറയുന്ന പാര്‍ട്ടിയാണ് ബിജെപി. പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചൊടുങ്ങുമ്പോള്‍ കരുണ കാണിച്ചതിന്റെ പേരില്‍ ഒരാളെ വേട്ടയാടാന്‍ മാത്രം ബിജെപിയുടെ രാഷ്ട്രീയം അധ:പതിച്ചെന്നു പറയുന്നതില്‍ വലിയ വിഷമമുണ്ട്. ഗൊരഖ്പൂരിലെ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചൊടുങ്ങുമ്പോള്‍ നിരവധി കുട്ടികളുടെ രക്ഷനായി അവതരിച്ച പീഡിയാട്രീഷ്യന്‍ ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേട്ടയാടുന്നത് മനുഷ്യത്വത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ്. മതിയായ ഓക്‌സിജന്‍ ഹോസ്പിറ്റലില്ലാത്തിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്‌സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഡോ. കഫീല്‍ഖാന്‍ ശ്രമിച്ചതാണ് അയാളെ എട്ട് മാസമായി തടവിലിട്ട് പീഢിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ ഇടപെടലും പ്രതിഷേധവും രൂപപ്പെടേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ മാര്‍ച്ചില്‍ സ്‌ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സകള്‍ ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്‌നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതേവരെ അത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.
ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നാണ് കഫീല്‍ ഖാനോട് പറഞ്ഞത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍.
ഒരു കുറ്റവാളിയോട് കാണിക്കേണ്ട മര്യാദയെങ്കിലും ഒരു നിരപരാധിയോട് കാണിക്കാന്‍ ആദിത്യനാഥ് തയ്യാറാവണം. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവും.