ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നതെന്ന് എം.പി പറഞ്ഞു. ബി.ജെ.പി ഗവണ്‍മെന്റ് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതിന്റേയും ഏക സിവില്‍ കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്നതിന്റേയും ആദ്യപടിയാണ് മുത്തലാഖ് ബില്ലില്‍ കാണിക്കുന്ന അതീവ താത്പര്യമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍…… മുസ്ലിം പുരുഷന്മാരെ ക്രൂരന്മാരായി ചിത്രീകരിക്കുന്ന അപമാനകരമായ നിയമമാണിത്. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏത് കാലത്തും ബി.ജെ.പിയുടെ നിഗൂഢമായ അജണ്ടകളെ എതിര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് ഏത് മതത്തില്‍ വിശ്വസിക്കുവാനും അത് പ്രകാരം ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം ഇവയെല്ലാം തന്നെ മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മുസ്ലിം വ്യക്തി നിയമത്തിനാവട്ടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണവുമുണ്ട്. അത് കൊണ്ട് തന്നെ ഇത് മൗലികാവകാശമാണ്. ബി.ജെ.പി ഗവണ്‍മെന്റ് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതിന്റേയും ഏക സിവില്‍ കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്നതിന്റേയും ആദ്യപടിയാണ് മുത്തലാഖ് ബില്ലില്‍ കാണിക്കുന്ന അതീവ താത്പര്യം. ഈ നിയമം ഭരണഘടനാവിരുദ്ധമാണ്.ബി.ജെ.പിയിലെ നേതാക്കന്മാര്‍ ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ഏറ്റവും വലുത് ട്രിപ്പിള്‍ ത്വലാഖ് കൊണ്ട് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്നതാണെന്ന് പറഞ്ഞു പരത്തുന്നത് വളരെ പരിഹാസ്യമായ സംഗതിയാണ്. ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഒരു ആധികാരിക പഠനം പറഞ്ഞ കാര്യം ലോകത്ത് സ്ത്രീകള്‍ ഏറ്റവും അധികം അപകടകരമായ സ്ഥിതിവിശേഷത്തില്‍ കഴിയുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. അത് ലൈംഗിക ചൂഷണത്തിന്റെ കാര്യമായിരുന്നാലും നീതി ലഭിക്കുന്ന കാര്യത്തിലായിരുന്നാലും ശിശു വിവാഹത്തിന്റെ കാര്യത്തിലായിരുന്നാലും യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് രാജ്യത്തിന് അപമാനമാണ്. ഇതിനെ പറ്റി എന്തെങ്കിലും ചിന്തിക്കാനോ പരിഹാരമുണ്ടാക്കാനോ ബി.ജെ.പിക്കാര്‍ മനസ്സു കാണിച്ചിട്ടുണ്ടോ?. നിങ്ങള്‍ക്ക് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയെ കുറിച്ച് ആത്മാര്‍ത്ഥതയുടെ കണിക പോലുമുണ്ടോ എന്നും സഭയില്‍ ചോദിച്ചു.
നിങ്ങളുടെ അജണ്ട വളരെ കൃത്യമായി എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്ത് മാത്രം പീഡനങ്ങളാണ് ഈ നാട്ടിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെ ഓരോ ദിവസവും ഉണ്ടായി കൊണ്ടിരിക്കുന്നത് എന്ന കാര്യം ചിന്തിക്കാന്‍ പോലും സമയമില്ലാതെ അത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബി.ജെ.പി എടുത്ത് വരുന്നത്. അതിനാല്‍ സത്യത്തിന്റെ കണിക വല്ലതും നിങ്ങളുടെ ഹൃദയത്തില്‍ ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്തരം ദുരുദ്ദേശപരമായ ബില്ലുകള്‍ പിന്‍വലിക്കുകയാണ്. ഈ ബില്ലിന്റെ എല്ലാ ഘടകങ്ങളോടും ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു പ്രത്യേകിച്ചും ഇതിലെ ക്രിമിനല്‍ വത്ക്കരണത്തെ പറ്റി പറഞ്ഞ ഭാഗങ്ങളോട്. കാരണം ഈ നിയമത്തില്‍ 5ാം വകുപ്പില്‍ പറയുന്നത് വിവാഹ മുക്തയായ സ്ത്രീക്ക് ഭര്‍ത്താവ് ചിലവിന് കൊടുക്കണമെന്നുള്ളതാണ്. ഇന്ത്യയില്‍ നേരെത്തെ പാസ്സാക്കിയിട്ടുള്ള നിയമത്തിന്റെ എതിര് കൂടിയാണിത്. അതോടൊപ്പം ഒരു സ്ത്രീയെ വിവാഹ മുക്തയാക്കിയ ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലിടടിച്ചിട്ട് ഈ സ്ത്രീക്ക് എങ്ങനെ ചിലവിന് കൊടുക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്? ഇത്തരത്തില്‍ തികച്ചും വിരോധാഭാസപരമായ നിയമങ്ങള്‍ രാജ്യത്തിന് തന്നെയും അപമാനമാണ്. മുസ്്‌ലിംലീഗും സി.പി.എമ്മും ആര്‍.എസ്.പിയും എ.ഐ.എം.ഐ.എമ്മും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു.