X
    Categories: CultureMoreViews

ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കോഴിക്കോട്: ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട് നയിക്കേണ്ട വേദിയാണ് ഉന്നത കലാലായങ്ങള്‍. അധ്യാപനം, ഗവേഷണം, രാഷ്ട്ര പുനര്‍നിര്‍മ്മാണം, സാമൂഹ്യ സേവനം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ മാറ്റിവച്ചു സവര്‍ണ ഫാഷിസ്റ്റ് അജണ്ടകളും കമ്പോള കുത്തകകളുടെ കച്ചവട താല്‍പര്യങ്ങളും സംരക്ഷിക്കാനായി മാത്രം കച്ച കെട്ടി ഇറങ്ങിയ കേന്ദ്ര ഭരണകൂടത്തിന്റെ ഓരോ നീക്കവും നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മതേതര ജനാധിപത്യ വ്യവസ്ഥക്ക് അപകടം സൃഷ്ടിക്കുന്നതാണ്.

സങ്കീര്‍ണ്ണമായ നിയമങ്ങളും ചട്ടങ്ങളും കാരണം യൂ. ജി. സി എന്ന സംവിധാനം കുറ്റമറ്റ രീതിയില്‍ അല്ല പ്രവര്‍ത്തിച്ചു വരുന്നത്. ഈ സാഹചര്യം മുതലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ഭരണകക്ഷിയുടെ കൈവെള്ളയില്‍ ഒതുക്കാനുള്ള കുതന്ത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ചര്‍ച്ചകള്‍ക്ക് മതിയായ സമയവും അവസരവും നല്‍കാതെയും ഇഷ്ടപ്പെട്ടവരെ സമിതി അംഗങ്ങള്‍ ആയി നിയോഗിച്ചും ധൃതിപെട്ട് എച്ച്. ഇ. സി. ഐ. ബില്ല് നടപ്പാക്കാന്‍ ഒരുങ്ങുന്നത് സര്‍ക്കാറിന്റെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇതിനെതിരെ അക്കാദമിക സമൂഹവും രാഷ്ട്രീയ നേതൃത്വവും ഉചിതമായ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഫാറൂഖ് കോളേജ് സ്റ്റാഫ് ക്ലബ് സംഘടിപ്പിച്ച ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബില്ല് 2018 ന്മേലുള്ള പാനല്‍ ഡിസ്‌കഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം നസീര്‍ അധ്യക്ഷത വഹിച്ചു. കേരളാ ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ അംഗം പ്രൊഫ. ഫാത്തിമ സുഹറ, മുസ്ലിം കോളേജ് അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ എം. മുഹമ്മദ്, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ഡോ. ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോളേജ് ഐ. ക്യൂ. എ. സി കോര്‍ഡിനേറ്റര്‍ ഡോ ടി. മുഹമ്മദലി മോഡറേറ്റര്‍ ആയിരുന്നു. കമറുദ്ദീന്‍ പരപ്പില്‍ സ്വാഗതവും ക്യാപ്റ്റന്‍ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: