വടക്കന്‍ ബീഹാറില്‍ വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത വിധമുള്ള കൊടുംദുരിതങ്ങളുടെ പ്രളയമാണ് കഴിഞ്ഞ മാസങ്ങളില്‍ പെയ്തിറങ്ങിയത്. ആഗസ്തില്‍ തുടങ്ങിയ ദുരിതങ്ങള്‍ ഓരോ ദിവസം പിന്നിടൂമ്പോഴും കൊടുംപട്ടിണിയുടെ ദുരിതക്കയങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടുപോവുന്നത്. മിക്കവാറും ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയായ ഇവിടേക്ക് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്.
ഗണ്ടക്, ബുര്‍ഹി ഗണ്ടക്, ബഗ്മതി, കംല, കോശി, മഹാന്ദ നദികള്‍ കടുത്ത മഴയെ തുടര്‍ന്ന് ഉയര്‍ന്ന തോതിലുള്ള ജലം പുറംതള്ളിയതോടെയാണ് ഈ പിന്നാക്ക ഗ്രാമങ്ങള്‍ വെള്ളത്തിലായത്. നേപ്പാളിലും മറ്റുമായി ഹിമാലയത്തില്‍ നിന്നൊഴുകുന്നവയാണ് ഈ നദികള്‍. 1.71 കോടി ജനങ്ങളെയാണു ദുരിതം ബാധിച്ചത്. വടക്കന്‍ ബീഹാറിലെ പത്തൊമ്പത് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 514 പേര്‍ മരണപ്പെട്ടാണ് ഔദ്യോഗിക കണക്ക്. 2371 പഞ്ചായത്തുകള്‍ വെള്ളത്തിലായി.
ബീഹാറിലെ കടിഹറില്‍ ട്രെയിനിറങ്ങി റോഡ് മാര്‍ഗമാണ് ഞാന്‍ ബഹാദൂര്‍ഗഞ്ചില്‍ മുസ്‌ലിംലീഗ് പൊതുയോഗത്തിലേക്കു പുറപ്പെട്ടത്. എണ്‍പത് കിലോമീറ്ററിനടുത്ത് താണ്ടാന്‍ ആറ് മണിക്കൂറിലധികം സമയമെടുത്തു. ബഹാദൂര്‍ഗഞ്ചില്‍ എത്തുമ്പോള്‍ ഇരുട്ടിയിരുന്നു. പകല്‍ പതിനൊന്ന് മണിക്ക് ജനങ്ങള്‍ ഇവിടെ കാത്തുനില്‍പ്പ് തുടങ്ങിയിരുന്നു. ഒരു വലിയ മൈതാനം നിറയെ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജനം. വെളിച്ചമില്ലാത്ത സാഹചര്യത്തിലാണ് പരിപാടി നടന്നത്.
വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും നശിച്ച പല റോഡുകളും ഇപ്പോഴും അടയാളങ്ങള്‍ പോലും അവശേഷിക്കാത്ത രീതിയിലാണ്. പാലങ്ങള്‍ വീണു കിടക്കുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു റോഡുകള്‍ കണ്ടെത്തിയത്. ഞങ്ങളെയും വഹിച്ച് പാടങ്ങളിലൂടെയാണ് അമ്പത് കിലോ മീറ്റര്‍ വാഹനം നീങ്ങിയത്. ഏകദേശം നാലുമണിക്കൂറിലേറെ എടുത്തുകാണും അമ്പത് കിലോമീറ്റര്‍ പിന്നിടാന്‍. ചമ്പാരന്‍ എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ വീടുകളൊന്നുമില്ല. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഏതോ പിടിവള്ളിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയ ചുരുക്കം ആളുകള്‍ മാത്രം ബാക്കിയായി. അവരാവട്ടെ മറ കെട്ടിയാണ് താമസിക്കുന്നത്.
ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ പൂര്‍ണ്ണമായി തരിശായിക്കിടക്കുന്ന ഭൂമിയാണ് കാണാന്‍ കഴിഞ്ഞത്. മുന്നൂറ് കുടുംബങ്ങളായിരുന്നു ആ ഗ്രാമത്തിലുണ്ടായിരുന്നത്. ശരാശരി പന്ത്രണ്ടു പേരെങ്കിലും കാണും ഒരു കുടുംബത്തില്‍. അവര്‍ ഉയര്‍ന്ന ഒരു സ്ഥലത്ത് ഷെഡ് കെട്ടി താമസിക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണമോ വസ്ത്രമോ കിട്ടാന്‍ പ്രയാസപ്പെടുന്നു. ഒരു നേരത്തെ അന്നം കിട്ടാനുള്ള അവരുടെ ദാഹം കരളലയിപ്പിക്കുന്നതായിരുന്നു. ഏതെങ്കിലും സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിഗ്രാമങ്ങളിലേക്കല്ല ഞങ്ങള്‍ പോയതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ആദ്യം ആരും ഞങ്ങളെ ശ്രദ്ധിക്കാന്‍ പോലും തയ്യാറായില്ല. ഞങ്ങളെ അവഗണിക്കാനുള്ള കാരണം പിന്നീടാണ് മനസ്സിലായത്. പലരും ഇവിടെ വന്നു ഫോട്ടോ എടുത്തു പോകുന്നുണ്ട്, പക്ഷേ രണ്ടു മാസത്തിലേറെയായി ഞങ്ങളിവിടെ പട്ടിണിയിലാണെന്ന് അക്കൂട്ടത്തില്‍ നിന്നൊരാള്‍ പറഞ്ഞു തന്നപ്പോഴാണ്, ദുരിതത്തിന്റെ ആഴം വീണ്ടും മനസ്സിലായത്. നമ്മളെയും അവര്‍ ആ ഗണത്തില്‍ പെടുത്തിയിരിക്കുന്നു.
വെസ്റ്റ് ചമ്പാറന്‍, കിഷന്‍ കഞ്ച്, അറാറിയ, എന്നീ ജില്ലകളില്‍ മുസ്‌ലിംലീഗ് ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിക്കാനാകണം. പട്ടിണിക്കൊപ്പം തണുപ്പു കൂടി വന്നെത്തിയതോടെ ദുരിതം നൂറിരട്ടിയായെന്നു പറയേണ്ടി വരും. ഇവര്‍ക്ക് തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ അമ്പതിനായി പുതപ്പെങ്കിലും വേണ്ടി വരും. ദുരന്തം കഴിഞ്ഞു നാലു മാസമായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആദ്യമെത്തുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പല പ്രദേശക്കാരും പറയുന്നത്.
ഇവിടെ പല പ്രദേശങ്ങളും മുസ്‌ലിംലീഗിന് അംഗങ്ങളുള്ള പ്രദേശങ്ങളായിരുന്നു. പലേടത്തും പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. മുസ്‌ലിംദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയില്‍ പെട്ടതില്‍ മിക്കതും. ഇവിടെ ഭക്ഷണത്തിനും തണുപ്പില്‍ നിന്നു ജീവന്‍ രക്ഷിച്ചെടുക്കാനും സഹായമെത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയായിരിക്കുന്നു.
പ്രദേശത്ത് സഹായമെത്തിക്കുമ്പോള്‍ കുടിവെള്ളത്തിന് നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇവിടുത്തെ ഓരോ പഞ്ചായത്തിലും 15 വാര്‍ഡുകള്‍ കണക്കാക്കാം. ഓരോ കുടുംബത്തിലും 12 പേരെങ്കിലുമുള്ള 200 കുടുംബങ്ങളെ ഒരു വാര്‍ഡില്‍ കണക്കാക്കേണ്ടി വരും. ഇത്തരം ഓരോ വാര്‍ഡിനും 2 കുഴല്‍ കിണര്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഞങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത്. കണക്കാക്കുന്ന തുക 7500 രൂപ വരും. ഈ ജനതക്ക് ഒരു നേരത്തെ കുടിവെള്ളമെങ്കിലും എത്തിക്കാനായാല്‍ അത് ഒരു പെട്ടെന്ന് കഴിഞ്ഞു പോകാത്ത ദാനമായി അവിടെ കിടക്കും. അതില്‍ നിന്നു ദാഹം തീര്‍ക്കുന്ന ഇപ്പോഴത്തെ തലമുറയും ഭാവി തലമുറയും നമുക്കും ഇരു ലോകത്തേക്കും ഒരു സഹായമാകും.