കോഴിക്കോട്: ആരോഗ്യകരമായ മഹല്ലുകള്‍ക്ക് സമൂഹത്തിലെ നായക സ്ഥാനം വഹിക്കുന്ന പണ്ഡിതന്മാര്‍ക്ക് ഫല പ്രദമായ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പള്ളികളില്‍ സേവനം നിര്‍വ്വഹിക്കുന്ന ഇമാമുമാരും ഖത്തീബുമാരും വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കണം. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ഇമാം-ഖത്തീബ് പരിശീലന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ ശാക്തീകരണത്തില്‍ പണ്ഡിതന്മാരുടെ പങ്ക് അനിഷേധ്യമാണ്. ഒരു ധൈഷണിക സന്നാഹമെന്ന നിലക്ക് കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് പുതിയ അജണ്ട നിര്‍മ്മിക്കുന്നതിന്് നേതൃത്വം നല്‍കുവാന്‍ തുടര്‍ന്നും പണ്ഡിതന്‍മാര്‍ക്കാവും. നാട്ടിലെ എല്ലാവരുടെയും അടുത്ത സുഹൃത്തും കൗണ്‍സിലറുമൊക്കെയായിരിക്കണം ഇമാമുമാര്‍. വഖഫ് സ്വത്തുക്കള്‍ നല്ല രീതിയില്‍ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പണ്ഡിതരുടെ ക്രിയാത്മക മേല്‍നോട്ടം അനിവാര്യമാണ്.
നാട്ടിലെ ജനങ്ങള്‍ക്ക് ചികിത്സ സഹായം പോലുള്ള പദ്ധതികള്‍ക്കെല്ലാം സഹായം ചെയ്തുകൊടുക്കുന്ന കേന്ദ്രങ്ങളായി മഹല്ല് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. രാജ്യത്ത് പലയിടത്തും ഭരണകൂടങ്ങളാണ് വഖഫ് സ്വത്തിന്റെ വലിയ കൈയ്യേറ്റക്കാര്‍. ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതുപോലും വഖഫ് ഭൂമിയിലാണ്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. അതേസമയം, കേരളത്തില്‍ വലിയ തോതില്‍ കൈയ്യേറ്റമില്ലാത്തതിന് മഹല്ലുകളുടെ ജാഗ്രതയാണ് കാരണം. ഇമാം-ഖത്തീബ് പഠനക്യാമ്പ് ദേശീയ മാതൃകയാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. ട്രെയിനിംഗ് ക്യാമ്പ് പദ്ധതി, വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ.പി.വി.സൈനുദ്ദീന്‍ വിശദീകരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ സാദിഖ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍മാരായ ടി.പി അബ്ദുല്ലക്കോയ മദനി, അഡ്വ.എം ഷറഫുദ്ദീന്‍, അഡ്വ.ഫാത്തിമ റോസ്‌ന എന്നിവരും കെ മോയിന്‍കുട്ടി മാസ്റ്ററും സംസാരിച്ചു. ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ഹാജി സ്വാഗതവും വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ യു അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. എസ്.വി.മുഹമ്മദലി മാസ്റ്റര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട 600 ലധികം ഖത്തീബ്-ഇമാമുമാര്‍ സംബന്ധിച്ചു.