ന്യൂഡല്‍ഹി: എന്‍.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഐ.ഐ.എം ബില്‍ 2017 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഈ വിഷയത്തല്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം പറയപ്പെടുന്നുവെങ്കിലും തത്വത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പ് വരുത്തണം. നിയമനങ്ങളില്‍ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. സമീപകാല നിയമനങ്ങളില്‍ പലതും രാഷ്ട്രീയ താല്‍പ്പര്യം അനുസരിച്ചായിരുന്നു. ഈ രീതി അവസാനിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തകരുന്നതിനു കാരണം രാഷ്ട്രീയ നിയമനങ്ങളാണ്. ഐ.ഐ.എമ്മുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും നിയമനങ്ങളിലും ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാറിനെ നിയന്ത്രിക്കുന്ന പുതിയ ബില്‍ സ്വാഗതാര്‍ഹമാണ്. ഐ.സി.എച്ച്.ആര്‍, എഫ്.ടി.ഐ.ഐ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വിരുദ്ധമാണ് പുതിയ ബില്ലിലെ വ്യവസ്ഥകളെന്നും ഇ.ടി പറഞ്ഞു.