X

ഇ.ടി മുഹമ്മദ് ബഷീര്‍ എം പി കത്വ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

 

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കത്വയില്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. പുലര്‍ച്ചെ ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് ആസിഫയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്്വാലയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു. തുടര്‍ന്ന് ജമ്മുവില്‍ നിന്നു നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വതമേഖലയായ പട്നിടോപിനടുത്ത് സന്‍സറില്‍ ക്യാമ്പ് ചെയ്യുന്ന മാതാവിനെയും മറ്റു ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു.
പെണ്‍കുട്ടി പീഢനത്തിനിരയായി കൊല്ലപ്പെട്ട കത്വയിലെ രസന ഗ്രാമത്തില്‍ നിന്നും ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കുടുംബം നേരത്തെ പലായനം ചെയ്തിരുന്നു. തങ്ങള്‍ വളര്‍ത്തുന്ന ആടുകളും കുതിരകളുമായി മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറിയ കുടുംബത്തെ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങളിലെത്തിയാണ് ഇടിയും സംഘവും സന്ദര്‍ശിച്ചത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുടുംബവുമായി ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് എല്ലാതരം സഹായവും ഉറപ്പുനല്‍കുന്നതായി ഇടി കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ സംരക്ഷണത്തിനാവശ്യമായ എല്ലാ പിന്തുണയും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. സുരക്ഷിതമായ ജീവിതമാര്‍ഗങ്ങളുറപ്പുവരുത്താനുള്ള സഹായങ്ങളുണ്ടാകും. കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ പ്രഖ്യാപിക്കും വരെ നിയമസഹായം ഉറപ്പാക്കും. ലോക്സഭയില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഇടി പറഞ്ഞു. നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് ഇടി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നതായി കുടുംബവും ബന്ധുക്കളും ഇടിയോട് പറഞ്ഞു. മുസ്ലിംലീഗ് പാര്‍ട്ടിയും രാജ്യത്തെ മതേതരത്വത്തില്‍ താല്‍പര്യമുളളവരും മനുഷ്യസ്നേഹികളും നിങ്ങള്‍ക്കും കുടുബത്തിനുമൊപ്പമുണ്ടെന്നും ഇടി കുടുംബത്തെ ബോധ്യപ്പെടുത്തി. മകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കുമ്പോഴൊക്കെ കുടുംബത്തിന് വിതുമ്പലടക്കാനായില്ല. മൂന്നു മണിക്കൂറോളം കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് സംഘം മടങ്ങിയത്.
മുഹമ്മദ്കോയ തിരുന്നാവായ, സിറാജ് നദ്വി, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്റഫ് അറപ്പുഴ, സൈനുദ്ദീന്‍ ചിറ്റാരി, അബ്ദുറസാഖ് നാദാപുരം, അഷ്റഫ് ഹുദവി തുടങ്ങിയവരും ഇടിയോടൊപ്പമുണ്ടായിരുന്നു.

chandrika: