ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഝാര്‍ഖണ്ഡ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ 11 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഭരണകൂട പിന്തുണയോടെ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുള്ള ശക്തമായ സന്ദേശമാണ് കോടതി വിധി. ഗോമാംസം കൈവശം വെച്ചുവെന്ന വ്യാജകഥ കെട്ടച്ചമച്ച് നിരപരാധിയെ നിഷ്ടൂരമായി കൊലപ്പെടുത്തിയത് രാഷ്ട്ര മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു.
കൊലപാതക കേസുകള്‍ അനിശ്ചിതമായി നീണ്ടുപോവുകയും നീതി വൈകിക്കുന്നതിലൂടെ നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ത്വരിതഗതിയില്‍ എങ്ങനെ കേസുകള്‍ കൈകാര്യം ചെയ്യാം എന്നതിന് തെളിവാണ് ഝാര്‍ഖണ്ഡ് കോടതിയുടേത്. നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിച്ചുകൊണ്ടുള്ള അതിവേഗ കോടതി വിധി വഴിയൊരുക്കും.
സംഭവം നടന്നയുടന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ അലീമുദ്ദീന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. നിയമപോരാട്ടത്തിലും മുസ്‌ലിംലീഗ് എല്ലാ സഹായവും പിന്തുണയും നല്‍കി. വലിയ വേദന സൃഷ്ടിച്ച സംഭവത്തില്‍ കുടുംബത്തിന് സഹായ ഹസ്തവുമായി എത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.