രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. എസ്.സി, എസ്.ടി, ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും അവക്ക് അറുതി വരുത്താനും ഈ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളും ഈ നാട്ടിലെ അഭിമാനമുള്ള പൗരന്‍മാരാണ്. അഭിമാനത്തോടു കൂടി ജീവിക്കേണ്ടവരുമാണ്. അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ കണ്ണടക്കാന്‍ കഴിയില്ല. നീതി നല്‍കുന്ന കാര്യത്തില്‍ ഈ ജനവിഭാഗത്തോട് കാണിക്കുന്ന തെറ്റായ നയം തിരുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പലഭാഗത്തും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായതിന്റെ കൂട്ടത്തില്‍ ഗുരുകുട്ടി പദ്ധതിയുടെ ഭാഗമായി ആസമില്‍ നടന്ന വലിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ കാണാന്‍ എനിക്ക് ഇടയായി. അവിടെ നിന്നും നിരപരാധികളായ ആളുകളെ ആട്ടിയോടിക്കുകയാണ്. നരകതുല്യമായ അനുഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം പ്രദേശത്ത് കഴിഞ്ഞ രണ്ടുമൂന്ന് മാസമായി ആളുകള്‍ക്ക് ജുമുഅ നമസ്‌കാരം നടത്താന്‍ പോലും കഴിയാതെ വന്നിരിക്കുന്നു.
നമസ്‌കരിക്കാന്‍ വരുന്ന ആളുകളെ ആക്രമിക്കുകയും അവരെ നമസ്‌കരിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ക്രൂരമായ നടപടികളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് നാലര ലക്ഷത്തോളം മുസ്ലിംകള്‍ അവിടെ ഉണ്ട്. ഇത്രയും ആളുകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം നിഷേധിക്കപ്പെട്ടത് ഈ സഭയുടെ തന്നെ ഗൗരവമായ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യമാണെന്നും ഇ.ടി.പറഞ്ഞു.