X

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍; സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ആലസ്യം അവസാനിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ് (ഫിക്കി) സംഘടിപ്പിച്ച കൊവിഡ് 19 പശ്ചാത്തലത്തില്‍ കാഴ്ചപരിമിതരുടെ പ്രശ്‌നങ്ങളെന്ന ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരം എന്ന് വിശേഷിപ്പിച്ച ഈ നിയമനിര്‍മാണ പ്രകാരമുള്ള വകുപ്പുകള്‍ വെറും കടലാസില്‍ ഒതുങ്ങികിടക്കുകയാണ്. നിരവധി കാര്യങ്ങള്‍ അതില്‍ ചൂണ്ടികാണിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. ജോലിയിലുള്ള, അവരുടെ സംവരണം അവരുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ ചികിത്സ സംബന്ധിച്ച മറ്റു കാര്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലുമൊക്കെ അവരുടെ സൗകര്യത്തിനായി വരുത്തേണ്ട മാറ്റങ്ങള്‍ ഇവയൊന്നും തന്നെ ഫലപ്രദമായി ചെയ്തിട്ടില്ല.
കാഴ്ച്ച പരിമിതരുടെ കാര്യത്തിലാണെങ്കില്‍ വളരെ ദയനീയമാണ് കാര്യങ്ങള്‍. എത്രയോ കാലമായി ഈ നിയമം നടപ്പിലാക്കിയാല്‍ അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ പറ്റി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കൊവിഡ് കാലത്താകട്ടെ ഇവര്‍ സ്വയം ചെയ്യുന്ന ജോലികളിലോ സര്‍ക്കാറിലോ മറ്റോ ലഭിച്ച ജോലികളിലോ പോകാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്.

അതുമൂലം പലരും പട്ടിണിയിലാണ്. അത് പോലെ കൂടെ കൊണ്ടുപോകുന്ന സഹായികള്‍ക്കു സൗകര്യങ്ങള്‍ ചെയ്യുന്ന കാര്യത്തിലും സ്വയം തൊഴിലില്‍ ഏര്‍പ്പെടുകായാണെങ്കില്‍ അതിനുള്ള സാമ്ബത്തിക സഹായങ്ങളെ പറ്റിയും നിയമത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്ക് കിട്ടുന്നില്ല. അതുപോലെ ഇതില്‍ കുറെ പേര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തന്നെ ഉന്തുവണ്ടിയിലും മറ്റുമുള്ള കച്ചവടങ്ങള്‍, ബസ്സിലൊക്കെ കയറി പുസ്തകങ്ങളും മറ്റും വില്‍ക്കല്‍, തെരുവുകളിലും മറ്റും പാട്ട് പാടുകയും കലാപരിപാടി നടത്തുക തുടങ്ങിയ കാര്യങ്ങളിലാണ്.

ഇവര്‍ക്ക് എന്തെങ്കിലും ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇവരുടെ പെന്‍ഷന് കാലാനുസൃതമായിട്ടുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല.

ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുമ്‌ബോഴും സാമൂഹിക നീതിയുടെ എത്രയോ അകലെ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനു സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. പാര്‍ലമെന്റിന്റെ സാമൂഹ്യ നീതിയുടെ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയില്‍ അംഗമെന്ന നിലയില്‍ ഈ കാര്യങ്ങള്‍ പലപ്പോഴും ഞങ്ങള്‍ ഉന്നയിക്കാറുള്ളതാണ്. ഇനിയുള്ള സെഷനുകളിലും പാര്‍ലമെന്റിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

web desk 1: