കോഴിക്കോട്: മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ പകല്‍പോലെ വ്യക്തമായിട്ടും വെറുതെ വിടാനിടയാക്കിയ സാഹചര്യം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കുകൊണ്ടു എന്ന് കുറ്റസമ്മത മൊഴിനല്‍കിയിട്ടും തെളിവുകളെല്ലാം പ്രതികള്‍ക്ക് എതിരായിട്ടും എല്ലാവരെയും വെറുതെ വിടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കുറയും. കേസില്‍ അപ്പീല്‍ നല്‍കാനും സുതാര്യവും സത്യസന്ധവുമായി വിചാരണ നടത്താനും എന്‍.ഐ.എയും സര്‍ക്കാറും തയ്യാറാവണം. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മെല്ലെപ്പോക്കിന് നിര്‍ദേശമുണ്ടായെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ തുറന്നു പറച്ചിലും വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജി രാജിവെച്ചതുമെല്ലാം അരുതാത്തത് സംഭവിച്ചു എന്ന് സംശയിക്കത്തക്കതാണ്. സ്‌ഫോടന പരമ്പരകള്‍ നടത്തുകയും പ്രതികള്‍ എന്ന രീതിയില്‍ മുസ്്‌ലിം യുവാക്കളെ ജയിലിലടക്കുകയും ചെയ്ത സംഭവങ്ങളുടെ പിന്നില്‍ സംഘപരിവാറായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടതിന്റെ ജാള്യം മറക്കാന്‍ തുടക്കം മുതല്‍ കേസ്് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. സ്‌ഫോടന പരമ്പരക്ക് പുറമെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും കേന്ദ്രത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്ന ശേഷമുള്ള എന്‍.ഐ.എയുടെ നീക്കങ്ങള്‍ ദുരൂഹമാണ്.
മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ബന്ധമുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് എന്‍.ഐ.എ രൂപീകരിച്ചത്. കുറ്റമറ്റ അന്വേഷണത്തിനും തെളിവുശേഖരണത്തിനും സ്ഥാപിച്ച എന്‍.ഐ.യുടെ വിശ്വാസ്യതയും നിഷ്പക്ഷതയും മക്കാമസ്ജിദ് സ്‌ഫോടനക്കേസ് അട്ടിമറിച്ചതിലൂടെ സംശയത്തിന്റെ നിഴലിലായി എന്ന ആരോപണം ഗൗരവത്തോടെ കാണണമെന്നും ഇ.ടി കൂട്ടിചേര്‍ത്തു.
എന്‍.ഐ.എയുടെ പക്ഷപാതിത്വവും മുന്‍വിധിയോടെയുളള നീക്കങ്ങളും സംബന്ധിച്ച് മുമ്പ് പാര്‍ലമെന്റില്‍ താന്‍ വിഷയം ഉന്നിയിച്ചിരുന്നു. ഇപ്പോള്‍ ആശങ്കകള്‍ വര്‍ധിച്ചിരിക്കുന്നു. കൂട്ടിലടച്ച തത്ത, ഭരണകൂടത്തിന്റെ പകപോക്കല്‍ ആയുധം തുടങ്ങിയ നിഴലുകളിലേക്ക് മാറിയ സി.ബി.ഐ അന്വേഷണങ്ങളെക്കാള്‍ ഫലപ്രാപ്തിയോടെ സത്യസന്ധമായ അന്വേഷണം നടത്താനും സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട ഈ ഏജന്‍സിയുടെ വിശ്വാസ്യത തന്നെ തകര്‍ന്നു എന്നാണ് വ്യാപകമായ പരാതി. ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കാനും വിശ്വാസ്യത തിരിച്ചു പിടിക്കാനും എന്‍.ഐ.എ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ജനാധിപത്യ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.