X
    Categories: Newsworld

സിഒപി 27 ഉച്ചകോടിയുടെ മറവില്‍ ചാരപ്രവര്‍ത്തനം

കെയ്‌റോ: 27-ാമത് യു.എന്‍ കാലാവസ്ഥാ ഉച്ചകോടി (സിഒപി27) ക്കെത്തിയ രാഷ്ട്രത്തലവന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ഔദ്യോഗിക ആപ്പ് വഴി ഈജിപ്ഷ്യന്‍ ഭരണകൂടം ചോര്‍ത്തുന്നതായി പരാതി. രണ്ടാഴ്ചത്തെ ഉച്ചകോടിക്ക് 35,000 പേരാണ് ഈജിപ്തില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി ഈജിപ്ഷ്യന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം വികസിപ്പിച്ച ആപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോണ്‍ സംഭാഷണങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ ചോര്‍ത്താനും ഉപയോക്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പ് മോഡിലാണെങ്കില്‍ പോലും ഫോണിലൂടെ രഹസ്യ നിരീക്ഷണം സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. എന്നാല്‍ സൈബര്‍ സുരക്ഷ അപകടപ്പെടുത്തുന്ന യാതൊരു നീക്കവും രാജ്യത്തിനില്ലെന്നും അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും ഈജിപ്തിന്റെ കാലാവസ്ഥാ ഉച്ചകോടി അംബാസഡര്‍ അറിയിച്ചു.

സുഖവാസ കേന്ദ്രമായ ഷറം അല്‍ ഷെയ്ഖില്‍ ലോകനേതാക്കള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. 2013ല്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അധികാരത്തിലെത്തിയ ശേഷം 60,000ത്തോളം രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് ഈജിപ്ത് ജയിലിലടച്ചിരിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മാത്രം 1540 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലാഅ അബ്ദുല്‍ ഫത്താഹിന്റെ അനിശ്ചിതകാല നിരാഹാര സമരവും രാജ്യത്തിപ്പോള്‍ സജീവ ചര്‍ച്ചയാണ്.

Test User: