X

ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ നിതീഷ്

പട്‌ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നിതീഷ് പക്ഷം. ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിനെതിരെയും പാര്‍ട്ടി നിലപാടുകള്‍ക്കെതിരെയും പ്രതിഷേധിക്കണമെങ്കില്‍ ശരത് യാദവ് എം.പി സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ജെ.ഡി.യു നേതാവും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ അജയ് അലോക് ആവശ്യപ്പെട്ടു. ‘പാര്‍ട്ടി നല്‍കിയ പദവികളിലിരുന്ന് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ശരിയല്ല. എത്ര മുതിര്‍ന്ന നേതാവായാലും തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ശരത് യാദവിനെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയത്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്’-അജയ് അലോക് പറഞ്ഞു. അതേസമയം ശരത് യാദവിനെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തി. ജെ.ഡി.യു തീരുമാനം ശരത് യാദവ് എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്ന് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് എസ് പ്രകാശ് പറഞ്ഞു. നടപടി നേരിട്ടയാള്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശരത് യാദവിനെ പുറത്താക്കിയ നടപടി തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് ജെ.ഡി.യു മുതിര്‍ന്ന നേതാവും എം.പിയുമായ അലി അന്‍വര്‍ പ്രതികരിച്ചു. നിതീഷും ശരത് യാദവും പാര്‍ട്ടിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും ഇരുവര്‍ക്കും ജെ.ഡി.യുവില്‍ ഒരേ അവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടി സ്ഥാപകനാണ് ശരത് യാദവ്. അദ്ദേഹം ദളിതര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ശരത് യാദവിനെതിരെ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകള്‍ തെറ്റായ സന്ദേശങ്ങള്‍ക്കു കാരണമാകും’- അലി അന്‍വര്‍ ചൂണ്ടിക്കാട്ടി. യാദവിനെതിരായ നടപടിയെ ജെ.ഡി.യു നേതാവ് കെ.സി ത്യാഗി ന്യായീകരിച്ചതിനു പിന്നാലെയായിരുന്നു അന്‍വര്‍ അലിയുടെ പ്രതികരണം. പാര്‍ട്ടിയില്‍ ഇതുവരെ വിഭാഗീയത ഇല്ലെന്നും ഈ മാസം 19ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ശരത്‌യാദവും അലി അന്‍വറും പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമായിരുന്നു ത്യാഗിയുടെ പ്രസ്താവന.

chandrika: