കോവിഡ് 19 പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. ഇ.എസ്.ഐ വരിക്കാര്‍ക്കും കുടുംബത്തിനും കോവിഡ് ചികിത്സ സൗജന്യമാക്കിയതിനു പുറമെ തൊഴില്‍രഹിതരായിട്ടുള്ള വരിക്കാര്‍ക്ക് എബിവികെഐ പദ്ധതി പ്രകാരം വേതനവും ലഭിക്കാനും സൗകര്യമൊരുക്കി. കൂടാതെ ഇ.എസ്.ഐയില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തൊഴില്‍രഹിതനാണെങ്കില്‍ അടല്‍ ബീമിറ്റ് വ്യക്തി കല്യാണ്‍ യോജന (എബിവികെവൈ) പ്രകാരം വരിക്കാരന് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തൊഴിലില്ലായ്മ വേതനമായും ലഭിക്കും. 91 ദിവസം വരെയാണ് അസുഖ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ കാലയളവില്‍ വരിക്കാര്‍ക്ക് ശരാശരി ദൈനംദിന വേതനത്തിന്റെ 70 ശതമാനം ലഭിക്കുമെന്നും ഇ.എസ്.ഐ വ്യക്തമാക്കി.
ഫാക്ടറിയോ സ്ഥാപനമോ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ വരിക്കാര്‍ക്ക് 1947ലെ ഐഡി ആക്റ്റ് അനുസരിച്ച് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ അലവന്‍സിന് അപേക്ഷിക്കാം. ഇ.എസ്.ഐ ഗുണഭോക്താവ് മരണപ്പെട്ടാല്‍ ശവസംസ്‌കാരച്ചെലവ് ഇനത്തില്‍ 15000 രൂപവരെ നല്‍കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇ.എസ്.ഐയുടെ പ്രത്യേക കോവിഡ് ആസ്പത്രികളില്‍ വരിക്കാര്‍ക്ക് സൗജന്യമായി ചികിത്സ തേടാം. നിലവില്‍ ഇ.എസ്.ഐ നേരിട്ട് നടത്തുന്ന 21 ആസ്പത്രികളും 3676 ഐസൊലേഷന്‍ വാര്‍ഡുകളും 229 ഐസിയും 163 വെന്റിലേറ്റര്‍ കിടക്കകളുമുണ്ട്. ഇഎസ്‌ഐസി പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 26 കോവിഡ് ആശുപത്രിയില്‍ 2023 കിടക്കകളും ലഭ്യമാണ്.
ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം. സ്വകാര്യ ആസ്പത്രിയിലാണ് കോവിഡ് ചികിത്സ തേടുന്നതെങ്കില്‍ ചെലവുകളുടെ തുക ക്ലെയിം ചെയ്യാനും അവസരമുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വരിക്കാര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് ക്ലെയിം സമര്‍പ്പിക്കേണ്ടത്.