X

പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് ഈശ്വരപ്പ; ബി.ജെ.പി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി പ്രതിനിധി സംഘത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ഈശ്വരപ്പ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

തിങ്കളാഴ്ച ഷിമോഗയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ പോലും ഈശ്വരപ്പ വിസമ്മതിച്ചു.”സ്വതന്ത്രനായി മത്സരിക്കുമെന്ന എന്റെ തീരുമാനത്തില്‍ മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് ദൈവമാണ്.പക്ഷേ, ഒരു കുടുംബത്തിന്റെ ഞെരുക്കത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

മോദിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാവാത്തതതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്” ഈശ്വരപ്പ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.ലിംഗായത്തുകള്‍ മുന്‍ മുഖ്യമന്ത്രിയുടെ കയ്യിലാണെന്ന ധാരണയാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളതെന്ന് യെദ്യൂരപ്പയെ പരാമര്‍ശിച്ച് ഈശ്വരപ്പ പറഞ്ഞു.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മോഹന്‍ അഗര്‍വാള്‍, നിയമസഭാംഗം അരഗ ജ്ഞാനേന്ദ്ര, ഡി.എസ് അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഈശ്വരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈശ്വരപ്പ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താതെ മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഈശ്വരപ്പ മടങ്ങിയെത്താന്‍ നേതാക്കള്‍ കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഈശ്വരപ്പയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മകന് ടിക്കറ്റ് നിഷേധിച്ചതോടെ ഈശ്വരപ്പ ഞെട്ടലിലായിരുന്നുവെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

എങ്കിലും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകരുതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈശ്വരപ്പയുടെ മകന് ടിക്കറ്റ് നിഷേധിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം യെദ്യൂരപ്പ പറഞ്ഞു.പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെതാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, തങ്ങള്‍ ഈശ്വരപ്പയെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം റാലിയില്‍ ഉണ്ടാകുമെന്നും ബിജെപി നേതാവ് എന്‍ രവികുമാര്‍ അവകാശപ്പെട്ടു.രണ്ടര ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഡിഎസ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്നും പാര്‍ട്ടി അറിയിച്ചു.ഈശ്വരപ്പ നേരത്തെ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പ്രചാരണ റാലി നടത്തുന്നത്.

മകന്‍ കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ മരുമകളും ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീത ശിവരാജ്കുമാറാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.െ

യദ്യൂരപ്പ കുടുബത്തിന്റെ പിടിയിലാണ് കര്‍ണാടക ബി.ജെ.പി എന്ന് ഉയര്‍ത്തിക്കാട്ടാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഈശ്വരപ്പ പറഞ്ഞത്.സംസ്ഥാനത്തെ കുടുംബ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ എടുത്തിട്ടുള്ള തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

webdesk13: