X
    Categories: keralaNews

ഉത്തര സൂചികയിലെ പിഴവ്; 12 അധ്യാപകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്‌

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം തുടങ്ങി. 82 ക്യാമ്പുകളിലായാണ് മൂല്യ നിര്‍ണയം. അതേസമയം കെമിസ്ട്രി ഉത്തര സൂചിക ചോദ്യപ്പേപ്പറിലെ മാര്‍ക്കുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതിയിലും അനര്‍ഹമായി മാര്‍ക്ക് നല്‍കാവുന്ന രീതിയിലും ക്രമീകരിച്ചതായി ശ്രദ്ധയില്‍ പ്പെട്ടതിനെത്തുടര്‍ന്ന് ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകര്‍ക്ക് അച്ചടക്ക നടപടികളുടെ ഭാഗമായുള്ള മെമ്മോ നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തുടര്‍ നടപടികള്‍ തീരുമാനിച്ചു.

ചോദ്യകര്‍ത്താവ് തയാറാക്കിയതും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് അംഗീകരിച്ചതുമായ ഉത്തര സൂചിക അന്തിമ മൂല്യനിര്‍ണയത്തിനായി അംഗീകരിച്ച് ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. ഇതു പ്രകാരമാണ് മൂല്യ നിര്‍ണയം നടത്തേണ്ടത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അധ്യാപകരാണ് മൂല്യനിര്‍ണയത്തിന്റെ സ്‌കീം തയ്യാറാക്കി ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതൊഴിവാക്കി ആരാണ് തയ്യാറാക്കിയതെന്നുപോലുമറിയാത്ത പുതിയ ഉത്തര സൂചികയാണ് മൂല്യനിര്‍ണയ ക്യാമ്പിലെത്തിയത്. പല ഉത്തരങ്ങളിലും ഗുരുതര പിഴവുകള്‍ ഉത്തരസൂചികയിലുണ്ടെന്ന് അധ്യാപകര്‍ കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ സംസ്ഥാന വ്യാപകമായി അധ്യാപകര്‍ കെമിസ്ട്രി പേപ്പറിന്റെ മൂല്യനിര്‍ണയം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Chandrika Web: