X

മഴ കനത്തു; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പറവൂര്‍ താലൂക്കില്‍ ഏലൂര്‍ മേത്താനം പകല്‍ വീട്ടിലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്ന് കുടുംബങ്ങളിലെ ഒമ്പത് പേരാണ് നിലവില്‍ ക്യാമ്പിലുള്ളത്. കുട്ടമ്പുഴയിലും ക്യാമ്പ് തുറന്നിട്ടുണ്ട്. ആലുവയില്‍ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ശിവക്ഷേത്രം മുക്കാല്‍ ഭാഗം വെള്ളത്തിനടിയിലായി. അങ്കമാലി മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. നെടുമ്പാശേരി, പാറക്കടവ് പഞ്ചായത്തുകളില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറി. വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അത്യാവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട പ്രദേശം വെള്ളത്തിനടിയിലായി. കുടമുണ്ട, മടിയൂര്‍, കൂവള്ളൂര്‍ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നുണ്ട്. പുതിയ പാലത്തിലേക്കുള്ള വഴിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. കടമുണ്ട ഒറ്റപ്പെട്ടു. കനത്ത മഴയില്‍ അടിവാട് ടൗണിലെ കടകളിലും വെള്ളം കയറി. കോതമംഗലം തങ്കളം ജവഹര്‍ കോളനിയില്‍ വെള്ളം കയറുന്നുണ്ട്.

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്ക് മാറ്റമില്ല.

മഴ ശക്തമായി തുടര്‍ന്നാല്‍ പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരുമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കരയുടെ ഭാഗമായ കോഴിതുരുത്ത് എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.

chandrika: