കൊച്ചി: എറണാകുളത്തെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു
പനി ബാധിതരായി എത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണ്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
നിപ്പ സംശയത്തെ തുടര്‍ന്ന് ഒരാളെ എറണാകുളത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും നിപ്പയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കിയിരുന്നു. രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. സ്ഥിരീകരിച്ചാല്‍ മാധ്യമങ്ങളോട് പറയാന്‍ മടിയില്ല. അതിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്തുന്ന വാര്‍ത്ത നല്‍കരുതെന്നും ഡി.എം.ഒ പറഞ്ഞിരുന്നു.