തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള തര്‍ക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വികസനം ചര്‍ച്ചയാക്കാനുള്ള അജണ്ടയെ സ്വാഗതം ചെയ്യുന്നെന്നും അപ്പോള്‍ ഞങ്ങള്‍ക്ക് എറണാകുളം ജില്ലയുടെ വികസന ചരിത്രം പറയേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരന്‍ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാന്‍ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കള്‍ പ്രസംഗിച്ചത്. കലൂര്‍ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം കെ കരുണാകരന്‍ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് സി.പി.എം ചോദിച്ചത്. ഗോശ്രീ വികസന പദ്ധതി കൊണ്ടുവന്നതും കെ കരുണാകരനാണ്. അന്ന് അതിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തത് സി.പി.എമ്മുകാരാണെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സില്‍വര്‍ ലൈന്‍ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സില്‍വര്‍ ലൈനൊന്നും പോകുന്നില്ല. കുന്നത്ത് നാട് മണ്ഡലത്തിലൂടെയാണ് സില്‍വര്‍ ലൈന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോ റെയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്. ആ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. ആറ് വര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനായില്ല. പാലാരിവട്ടത്ത് നിന്നും കാക്കനാടേക്ക് മെട്രോ എക്സ്റ്റന്‍ഷന്‍ കൊണ്ടു വരാന്‍ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നതെന്ന് വിഡി സതീശന്‍ പരിഹസിച്ചു.
ഈ കമ്മീഷന്‍ റെയില്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ല. ആ നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതട്ടേ. കേരളത്തെ ഈ പദ്ധതി തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ജനങ്ങള്‍ക്കറിയാം. എറണാകുളത്ത് എല്‍.ഡി.എഫ് കൊണ്ടു വന്ന വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാണിച്ച് തരാമോ എന്ന് വിഡി സതീശന്‍ ചോദിച്ചു. വികസനം വേണം, വിനാശം വേണ്ടെന്നതാണ് യു.ഡി.എഫ് നിലപാട്. വികസന അജണ്ട കേരളം ചര്‍ച്ച ചെയ്യട്ടേ. ഇപ്പോള്‍ വികസനത്തിന്റെ മുഖം മൂടിയിട്ട് ചില വികസന വിരുദ്ധര്‍ ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാനില്‍ നിന്നും സില്‍വര്‍ ലൈനിന് വായ്പ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എ.ഡി.ബിക്കാരുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചവരൊക്കെ എവിടെപ്പോയി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്റെ കരണത്തടിച്ചവര്‍ ഇപ്പോള്‍ വിദേശ യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാലഘട്ടത്തിലും വികസന വിരുദ്ധ പിന്തിരിപ്പന്‍ സമീപനമാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തി വിധിയെഴുതുമെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.