കാല്‍പ്പന്തിന്റെ മലപ്പുറം പെരുമ ഇന്ത്യന്‍ കായിക ഗാഥകളിലെ പാടിപതിഞ്ഞ അധ്യായമാണ്. എന്നിട്ടും ഏറനാടന്‍ ഭൂമികയിലേക്ക് വലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വന്നിരുന്നില്ല. മലപ്പുറത്തുകാര്‍ കളി നേരില്‍ കാണാന്‍ ലോകം ചുറ്റണമായിരുന്നു. അതിന് കാരണങ്ങളായി പറഞ്ഞിരുന്നത് സാങ്കേതികതകളായിരുന്നു. പക്ഷേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ട് വന്ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും പയ്യനാട് സ്റ്റേഡിയത്തിലുമായി സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയപ്പോള്‍ കണ്ടത് സാങ്കേതികതക്കപ്പുറം ജനകീയതയായിരുന്നു. സമീപകാല ഇന്ത്യന്‍ ഫുട്‌ബോള്‍ ദര്‍ശിക്കാത്ത ആരവങ്ങള്‍, ആള്‍ക്കൂട്ടം. ജനകീയതയില്‍ മെഗാ വിജയമായി സന്തോഷ് ട്രോഫി സമാപിച്ചെങ്കില്‍ അത് മലപ്പുറത്തിന്റെ വിജയമാണ്.
അവസാന മല്‍സരത്തില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കേരളം ചാമ്പ്യന്മാരായത് ആ ജനകീയതയുടെ പെരുന്നാള്‍ സമ്മാനവുമായി. ആറ് തവണ കേരളം ദേശീയ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 1973 ലെ കന്നി നേട്ടം മുതലുള്ള കഥകള്‍ എല്ലാവര്‍ക്കുമറിയാം. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്ക്, എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തെ ആഘോഷം തുടങ്ങിയവയെല്ലാം എല്ലാവരും എപ്പോഴും അയവിറക്കാറുള്ള കാര്യങ്ങളാണ്. അതിന് ശേഷം അഞ്ച് തവണ കൂടി കേരളം ദേശീയ ഫുട്‌ബോളില്‍ ഒന്നാമന്മാരായി. അങ്ങനെ ആറ് തവണ. ഏഴാം തവണ കിരീടം നേടിയത് ഇന്ത്യന്‍ ഫുട്‌ബോള്‍ ഗാഥകളില്‍ ചരിത്രമായി മാറുന്നത് അതിന്റെ ജനസ്സമ്മതിയിലാണ്. പയ്യനാട് സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാളേറെ ജനം. സംഘാടകതലത്തില്‍ ചില്ലറ പിഴവുകള്‍ സംഭവിച്ചുവെന്നത് സത്യം. ടിക്കറ്റെടുത്ത പലര്‍ക്കും കളി കാണാനായില്ല. കണക്കില്‍ കവിഞ്ഞ് ടിക്കറ്റുകള്‍ എന്തിന് വിറ്റു തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴും കേരളാ ടീമിന്റെ വിജയത്തോടെ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. നമ്മുടെ ടീം മനോഹരമായി കളിച്ചു. രാജസ്ഥാനെതിരെ അഞ്ച് ഗോള്‍ വിജയവുമായി നടത്തിയ തുടക്കം. ഇടക്കൊന്ന് മേഘാലയക്കാരുമായി സമനില വഴങ്ങിയതൊഴിച്ചാല്‍ സെമിയില്‍ ഉള്‍പ്പെടെ ഏകപക്ഷീയ വിജയങ്ങള്‍. 7-3 എന്നതായിരുന്നല്ലോ കര്‍ണാടകക്കെതിരായ സ്‌കോര്‍ ലൈന്‍. ജെസിന്‍ തോണിക്കര എന്ന നിലമ്പൂരുകാരന്‍ പയ്യന്‍ ആ മല്‍സരത്തില്‍ മാത്രം നേടിയത് അഞ്ച് സുന്ദര ഗോളുകള്‍.
കലാശപ്പോരാട്ടത്തില്‍ പരമ്പരാഗത വൈരികളായ ബംഗാളിനെ കണ്ടപ്പോള്‍ പതറിയില്ല. ബംഗാളിനെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം കോച്ച് ബിനോ ജോര്‍ജ്ജിനും നായകന്‍ ജിജോ ജോസഫിനുമുണ്ടായിരുന്നു. നിശ്ചിത സമയത്ത്് ഗോള്‍ പിറക്കാതിരുന്ന മല്‍സരത്തിന്റെ അധികസമയത്തില്‍ ബംഗാള്‍ ലീഡ് നേടിയിട്ടും കേരളം സഫ്‌നാദ് എന്ന വയനാട്ടുകാരനിലൂടെ തിരികെയെത്തിയെന്നതാണ് ടീമിന്റെ കരുത്ത.് പിന്നെ ഷൂട്ടൗട്ട്. ഫുട്‌ബോളിലെ ഷൂട്ടൗട്ട് ഭാഗ്യ നിര്‍ഭാഗ്യങ്ങളാണ്. ഒരു കോച്ചും ഒരു നായകനും ഷൂട്ടൗട്ട് ആഗ്രഹിക്കുന്നില്ല. അത്‌പോലെ കാണികളും. പക്ഷേ കനത്ത സമ്മര്‍ദ്ദത്തിലും കേരളത്തിന്റെ അഞ്ച് ഷൂട്ടര്‍മാര്‍ക്കും പിഴച്ചില്ല. സാക്ഷാല്‍ ലിയോ മെസിക്ക് പോലും പെനാല്‍ട്ടി പിഴച്ച ചരിത്രമുണ്ട്. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം കരീം ബെന്‍സേമ സ്പാനിഷ് ലാലീഗയില്‍ ഒസാസുനക്കെതിരായ മല്‍സരത്തില്‍ പത്ത് മിനുട്ടിനിടെ രണ്ട് പെനാല്‍ട്ടികളാണ് പാഴാക്കിയത്. പക്ഷേ നമ്മുടെ അഞ്ച് പേരും കിടിലന്‍ കിക്കുകള്‍ പായിച്ചു. ബംഗാളിന്റെ ഗോള്‍കീപ്പര്‍ ശക്തനായിട്ടും ഒരു കിക്ക് പോലും തടുക്കാന്‍ അദ്ദേഹത്തിനായില്ല.
അങ്ങനെ തോല്‍വിയറിയാത്ത കിരീട നേട്ടം. കുറെ നല്ല താരങ്ങള്‍. ഇപ്പോള്‍ തന്നെ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍. മലപ്പുറത്ത് ഐ.എസ്.എല്‍ മല്‍സരങ്ങള്‍ നടത്തണമെന്ന ആവശ്യം. വളരെ വളരെ വൈകിയാണെങ്കിലും മലപ്പുറത്തിന്റെ സോക്കര്‍ ആതിഥേയത്വത്തിന്റെ കരുത്തും തെളിയിക്കപ്പെട്ടപ്പോള്‍ മലപ്പുറത്തിനെ ഇനി അവഗണിക്കാന്‍ നമ്മുടെ ഫുട്‌ബോള്‍ സംഘാടകര്‍ക്കാവില്ലെന്നുറപ്പ്. ഇത്‌വരെ കോഴിക്കോട്ടും കൊച്ചിയിലും നടത്തപ്പെടുന്ന മഹാമാമാങ്കങ്ങളിലെ കാഴ്ചക്കാരായിരുന്നു ഏറനാട്ടുകാരെങ്കില്‍ ഇനി അവര്‍ക്ക് സ്വന്തം വേദിയുമായി. അഭിനന്ദനങ്ങള്‍ കേരളാ ടീമിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും മലപ്പുറത്തെ സംഘാടകര്‍ക്കും.