X

കലക്ടറല്ല ആ അവധി പ്രഖ്യാപിച്ചത്; സത്യാവസ്ഥ ഇതാണ്

കൊച്ചി: എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും നിര്‍മിച്ച് തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല പറഞ്ഞു. പേജ് വ്യാജമായി നിര്‍മിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കലക്ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി.

മഴക്കാലം തുടങ്ങിയതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ വിദ്യാര്‍ത്ഥിയിട്ട കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘പ്രിയപ്പെട്ട കലക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ നാളെയും കടന്നു പോകും. പക്ഷേ അങ്ങ് കൊടുക്കുന്ന അവധി അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കലക്ടര്‍മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം’.

ഇതായിരുന്നു വിദ്യാര്‍ത്ഥിയുടെ കമന്റ്. മഴ കനത്തതോടെ കലക്ടര്‍ അവധിയും നല്‍കി. എന്നാല്‍ തുടര്‍ച്ചയായി എല്ലാ ദിവസവും അവധി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളോട് കലക്ടര്‍ ‘ഗോ ടു യുവര്‍ ക്ലാസസ്’ എന്ന് പറഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികള്‍ കലക്ടറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവധി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ വിവരങ്ങളും പുറത്തുവിട്ടിരിക്കുകയായണ് ജില്ലാ ഭരണകൂടം. facebook.cpm/dcekm  മാത്രമാണ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

chandrika: