കെപി നിഷാദ്
കാല്‍പന്ത്‌പ്രേമികള്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരം വലിയ വിജയമാക്കി തീര്‍ത്തതോടെ ജില്ലയിലേക്ക് വീണ്ടും കായിക വസന്തം തിരിച്ചെത്തുന്നു. ടൂര്‍ണമെന്റിലെ ആദ്യമത്സരം മുതല്‍ ഒഴുകിയെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മലപ്പുറത്തേക്ക് കൂടുതല്‍ ദേശീയ, ക്ലബ് മത്സരങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. കേരളത്തിന്റേതുള്‍പ്പെടെ ടൂര്‍ണെമെന്റിലെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയായ പയ്യനാട് സ്റ്റേഡിയം ജില്ലക്ക് പുതിയ വിലാസമാണ് സമ്മാനിച്ചത്.
ദേശീയ തലത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കെല്ലാം വേദിയാകാന്‍ രാജ്യത്തെ വലിയ സ്റ്റേഡിയങ്ങളോട് ഇനി പയ്യനാടും മത്സരിക്കും. ഇതിനകം കേരള ബ്ലാസ്റ്റേഴ്‌സ് പയ്യനാട് സ്റ്റേഡിയത്തെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കുള്ള രണ്ടാം ഹോം സ്റ്റേഡിയമാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുവഴി ക്ലബിന് മലബാര്‍ മേഖലയില്‍ വലിയ ആരാധക അടിത്തറയുണ്ടാക്കിയെടുക്കാന്‍ കഴിയും. നേരത്തെ മുതല്‍ തന്നെ കേരളബ്ലാസ്റ്റേഴ്‌സിന്റെ ഐ.എസ്.എല്‍ മത്സരങ്ങള്‍ കാണാന്‍ കൊച്ചിയിലെത്തുന്ന കാണികളിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതിന്റെ മുന്നോടിയായി പ്രീ സീസണ്‍ മത്സരങ്ങളും പയ്യനാട്ടെത്തിയേക്കും. മുന്‍കാലങ്ങളില്‍ കൊല്‍ക്കത്തയോടൊപ്പം തന്നെ ഫുട്‌ബോളില്‍ സ്വന്തമായി വിലാസമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ദൈവത്തിന്റെ സ്വന്തം നാട്. എന്നാല്‍ ഇടക്കാലത്ത് കേരളത്തിലെ ഫുട്‌ബോള്‍ കമ്പം നഷ്ടപ്പെട്ടുപോയി എന്ന് വിചാരിച്ചവര്‍ക്കുള്ള മറുപടിയാണ് മഞ്ചേരി പയ്യനാടത്തില്‍ കഴിഞ്ഞ 15 ദിവസക്കാലം.
കാണികള്‍ തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരങ്ങള്‍. 25, 000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മുപ്പതിനായിരത്തോളം പേരാണ് ഓരോ ദിവസവും എത്തിയത്. സ്റ്റേഡിയത്തില്‍ സ്ഥലം പോരാതെ വന്നതോടെ ബാരികേഡില്‍ ചാരിനിന്ന് വരെ ആളുകള്‍ മത്സരം വീക്ഷിച്ചു. കേരളത്തിന്റെ മത്സരങ്ങള്‍ക്ക് മാത്രമല്ല, നല്ല ഫുട്‌ബോള്‍ കളിക്കുന്ന മറ്റുടീമുകളുടെയും കളികള്‍ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും കളിപ്രേമികളെത്തി. മലപ്പുറം ജില്ലയില്‍ നിന്നും മാത്രമല്ല മറ്റുജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പന്തുകളിയുത്സവമാക്കാന്‍ ആരാധകര്‍ വന്നെത്തിയിരുന്നു.
ഫുട്‌ബോളിനെ നെഞ്ചേറ്റിയ മലപ്പുറത്തെ മുഴുവന്‍ ആരാധകരെയും ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാക്കി പയ്യനാടിനെ ഉയര്‍ത്തേണ്ടതുണ്ട്. നിലവിലെ സീറ്റിങ് കപ്പാസിറ്റിയായ ഇരുപത്തി അയ്യായിരത്തില്‍ നിന്നും അമ്പതിനായിരം അല്ല ഒരു ലക്ഷമായാലും മലബാറിലെ കളിപ്രേമികളെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടും നിയന്ത്രിക്കാനാവാത്ത ജനതിരക്കാണ് സ്റ്റേഡിയത്തിലുണ്ടായത്. ഗാലറി മാത്രമല്ല അനുബന്ധ സൗകര്യങ്ങളും സ്റ്റേഡിയത്തിലേക്കുള്ള റോഡുകളും എല്ലാം വലിയ മത്സരങ്ങള്‍ക്ക് മുമ്പായി വികസിപ്പിക്കേണ്ടതുണ്ട്.
പന്തുരുളുന്നിടത്ത് പാഞ്ഞെത്തുന്ന ആരാധകര്‍ മാത്രമല്ല, മറ്റുഘടകങ്ങള്‍ പരിശോധിച്ചാലും വലിയ മത്സരങ്ങള്‍ക്ക് സാധ്യതയുള്ള സ്റ്റേഡിയമാണ് പയ്യനാട്. ടീമുകള്‍ക്ക് ജില്ലയിലെത്തുന്നതിന് കരിപ്പൂര്‍ എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷനുകളും അനുകൂല ഘടകങ്ങളാണ്. കൂടാതെ ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിന് ആവശ്യമായ ഗ്രൗണ്ടുകളും സംവിധാനങ്ങളും ജില്ലയില്‍ വിവിധ ഭാഗങ്ങളിലായുണ്ട്. സന്തോഷ് ട്രോഫി ടീമുകളുടെ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന കോട്ടപ്പടി സ്റ്റേഡിയവും, എടവണ്ണ സീതിഹാജി ഗ്രൗണ്ടും നിലമ്പൂര്‍ മാനവേദന്‍ ഗ്രൗണ്ടും അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകളാണ്. എന്നാല്‍ താരങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ ഇല്ലെന്നുള്ളതാണ് പോരായ്മ. ഐ.എസ്.എല്‍ ടീമിലെ താരങ്ങള്‍ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ സൗകര്യമെങ്കിലും വേണ്ടി വരും.