X

അനില്‍ അംബാനി കോടികള്‍ പറ്റിച്ചു; രാജ്യം വിടുന്നത് തടയാന്‍ സുപ്രീംകോടതിയില്‍ സ്വീഡിഷ് കമ്പനിയുടെ ഹര്‍ജി

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അനില്‍ അംബാനി 550 കോടി പറ്റിച്ചുവെന്നാരോപിച്ച് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക് സണാണ് കോടതിയെ സമീപിച്ചത്. അനില്‍ അംബാനി നാടുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കമ്പനി സുപ്രീകോടതിയെ സമീപിച്ചത്.

നേരത്തെ 1600 കോടി അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു സ്വീഡിഷ് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായി ഇത് 550 കോടി രൂപയായി കുറക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 30നു മുമ്പ് തുക നല്‍കാമെന്നായിരുന്നു അംബാനി ഗ്രൂപ്പ് ഉറപ്പു നല്‍കിയത്. എന്നാല്‍ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കുന്നതെന്നുമാണ് എറിക്‌സണ്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അനില്‍ അംബാനിക്കു പുറമേ രണ്ട് മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും എറിക്‌സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 45,000 കോടി നഷ്ടത്തില്‍ മുന്നോട്ടുപോകുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി ചെയ്ത ബിസിനസിനു പകരായി എറിക്‌സണ് തുക ലഭിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ നിയമത്തെക്കുറിച്ച് അംബാനി ഗ്രൂപ്പിന് ഒരു വിലയുമില്ല. അവര്‍ നിയമ നടപടികള്‍ ലംഘിക്കുകയാണെന്നും സ്വീഡിഷ് കമ്പനി വ്യക്തമാക്കി.

chandrika: