X

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

webdesk17: