തിരുവനന്തപുരം- വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് നടിനെ നടുക്കിയ കൂട്ടമരണം വര്‍ക്കലയില്‍ നടന്നത്. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേരാണ് അഗ്‌നിക്കിരയായത്.
2022 മാര്‍ച്ച് എട്ടിനായിരുന്നു അപകടം. സംഭവം നടന്ന് പത്തു മാസങ്ങള്‍ക്കു ശേഷം പ്രസ്തുത കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ രക്ഷപ്പെട്ടു.
തീപിടുത്തത്തില്‍ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. എന്നാല്‍ തീ എങ്ങിനെ വന്നു, എവിടെ നിന്നെത്തി എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടാവുകയും അത് കേബിള്‍ വഴി ഹാളിലേക്ക് പടരുകയായിരുന്നൂവെന്നുമാണ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അധികമായി കണ്ടെത്താനാകാത്തതോടെ അന്വേഷണ സംഘം ഇരുട്ടിലാവുകയായിരുന്നു.
തീപ്പൊരി വീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വിടിനുള്ളില്‍ ഉറങ്ങിയവരോ അയല്‍വീടുകളിലുള്ളവരോ ആ ശബ്ദം കേള്‍ക്കാത്തത് എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത കൈവരാനുണ്ട്. ഇക്കാര്യങ്ങളില്‍ കൂടി കൃത്യമായ ഉത്തരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം.