കോവിഡ് കാരണം വീഡിയോ കോൺഫറൻസിലൂടെ ചേരുന്ന യു.എൻ ജനറൽ അസംബ്ലിയിൽ
കശ്മീർ വിഷയം ഉന്നയിച്ച് തുർക്കി പ്രസിഡണ്ട് റജിബ് ത്വയ്യിബ് ഉർദുഗാൻ. ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്‌നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യു.എൻ ഉന്നതതല യോഗത്തിലും ഉർദുഗാൻ കശ്മീർ വിഷയം ചർച്ചക്കെടുത്തിരുന്നു.
‘ഇപ്പോഴും കത്തുന്ന കശ്മീർ പ്രതിസന്ധി ദക്ഷിണേഷ്യയുടെ സ്ഥിരതയെയും സമാധാനത്തെയും സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. യു.എൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട്, കശ്മീരിലെ ജനങ്ങലുടെ കൂടി പ്രതീക്ഷകൾക്കനുസൃതമായി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്.’ ഉർദുഗാൻ പറഞ്ഞു. പ്രസംഗത്തിൽ ഒരിടത്തും ഉർദുഗാൻ ഇന്ത്യയെ പേരെടുത്തു പരാമർശിച്ചില്ല.
ലോകനേതാക്കൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് എത്താതെയാണ് ഇത്തവണ യു.എൻ വാർഷിക ജനറൽ അസംബ്ലി ചേരുന്നത്. അതതു രാജ്യങ്ങളിൽ നിന്ന് വീഡിയോ റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ വഴിയാണ് നേതാക്കൾ അസംബ്ലിയിൽ പങ്കെടുക്കുന്നത്. നേതാക്കളുടെ പ്രസംഗ വീഡിയോകൾ യു.എൻ ആസ്ഥാനത്തെ അസംബ്ലി ഹാളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. യു.എൻ ആസ്ഥാനത്തിന് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.